ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് പാകിസ്ഥാൻ യുവതിയും നാല് കുട്ടികളും പുറമെ ഗ്രേറ്റർ നോയിഡ സ്വദേശിയും പൊലീസിന്റെ പിടിയില്‍. ഓൺലൈൻ ഗെയിമായ പബ്ജി വഴി പരിചയപ്പെടുകയും തുടര്‍ന്ന് യുവതിയുമായി പ്രണയത്തിലാവുകയും ചെയ്ത യുപി സ്വദേശിയായ യുവാവാണ്, ഇവരെ നോയിഡയില്‍ താമസിപ്പിച്ചത്. ഈ വീട്ടിലെത്തി ഇന്നലെയാണ് പൊലീസിന്റെ നടപടി.
പ്രാഥമിക റിപ്പോർട്ട് പ്രകാരം, കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദറാണ് യുവതി. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്തെ സച്ചിൻ എന്ന യുവാവുമായാണ് ഇവര്‍ പ്രണയത്തിലായത്. ഇയാള്‍ക്കൊപ്പമാണ് യുവതിയും കുട്ടികളും താമസിച്ചുവന്നത്. നാല് കുട്ടികളോടൊപ്പം പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റബുപുര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഇതോടെയാണ്, നടപടി സ്വീകരിച്ചതെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് പറഞ്ഞു. ഉടൻ തന്നെ സോഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക് നിരീക്ഷണ വിഭാഗം എന്നിവയുടെ സഹായത്തോടെ പൊലീസ് അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
'യുവതി എത്തിയത് ചാരപ്രവർത്തനത്തിനോ'; അന്വേഷിക്കുമെന്ന് പൊലീസ്:'പാകിസ്ഥാൻ യുവതി, നോയിഡ സ്വദേശിയായ യുവതിയുടെ കാമുകന്, സ്ത്രീയുടെ നാല് കുട്ടികള്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പാകിസ്ഥാൻ യുവതിയും നോയിഡക്കാരനായ യുവാവും ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് അവർ തമ്മിലുള്ള സൗഹൃദത്തിലേക്ക് നയിച്ചു. ഇതാണ് യുവതിയേയും മക്കളേയും യുപിയില്‍ എത്തിക്കാനിടയാക്കിയത്. പിടിയിലായ യുവാവിനേയും യുവതിയേയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിടാം' - അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് പറഞ്ഞു.