ഡാർജിലിങ് (പശ്ചിമ ബംഗാൾ) :നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്‌ഥാന്‍കാരിയും മകനും അറസ്‌റ്റില്‍ (Pak Woman And Son Illegally Entered India Arrested). സിലിഗുരിയോട് ചേർന്നുകിടക്കുന്ന പാനിടാങ്കിയിലെ ഇന്ത്യ-നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് 62 കാരിയായ കറാച്ചി സ്വദേശിനി ഷൈസ്‌ത ഹനീഫും, 11 വയസ്സുള്ള മകൻ അരിയൻ മുഹമ്മദ് ഹനീഫും സൈനികരുടെ പിടിയിലായത്. ഇന്ത്യയിലുള്ള സഹോദരിയെ കാണാനാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശാസ്‌ത്ര സീമ ബലിന്‍റെ (എസ്‌എസ്‌ബി) 41-ാം ബറ്റാലിയനിലെ സൈനികരാണ് സ്‌ത്രീയെയും മകനെയും കണ്ടെത്തിയത്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ സാധുവായ ഇന്ത്യന്‍ വിസയോ മറ്റ് രേഖകളോ ഇല്ലായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സൈനികര്‍ ഇവരെ ഡാർജിലിങ്ങിലെ ഖരിബാരി പൊലീസിന് കൈമാറി. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സിലിഗുരി സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് ഷൈസ്‌തയുടെ സഹോദരി താമസിക്കുന്നത്. ഇവരെ കാണാനാണ് അമ്മയും മകനും സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അമ്മയും മകനും പാകിസ്ഥാന്‍ പൗരന്മാരാണെന്നും ഇവര്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയിലാണ് താമസിക്കുന്നതെന്നും ഡാർജിലിംഗ് ജില്ല പൊലീസ് സൂപ്രണ്ട് പ്രവീൺ പ്രകാശ് പറഞ്ഞു.
"പ്രായപൂര്‍ത്തിയാകാത്ത മകനുമൊത്ത് സ്‌ത്രീ അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുകയായിരുന്നു. നോർത്ത് 24 പർഗാനാസിലുള്ള സഹോദരിയെ സന്ദർശിക്കാൻ വന്നതാണെന്ന് ഇവര്‍ പറഞ്ഞു. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണ്" - എസ്‌പി പറഞ്ഞു.