ഗാന്ധിനഗർ: ഗുജറാത്തിലെ ബരൂച്ചിലെ പട്ടേൽ വെൽഫയർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . "ബരൂച്ചിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം", മോദി ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രി ബരൂച് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 14 രോഗികൾക്കും രണ്ട് സ്റ്റാഫ് നഴ്സുമാർക്കും ജീവൻ നഷ്ടമായി. പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ കഴിഞ്ഞതായി ആശുപത്രിയുടെ ട്രസ്റ്റി സുബേർ പട്ടേൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാന്‍ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ, തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി വിപുൽ മിത്ര, മുനിസിപ്പാലിറ്റി കമ്മീഷ്ണർ രാജ്‌കുമാർ ബെനിവാൾ എന്നിവരെ ചുമതലപ്പെടുത്തി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഷോട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂപ്രണ്ട് രജേന്ദ്ര സിങ് ചുദാസമ അറിയിച്ചു. വെളുപ്പിന് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്.