ഹൈദരാബാദ്:കൊവിഡ് വാക്‌സിന്‍റെ കുട്ടികളിലെ പരീക്ഷണം ആരംഭിക്കാൻ ഭാരത് ബയോടെക്ക്. ജൂൺ ആദ്യം മുതൽ പരീക്ഷണം ആരംഭിക്കുമെന്ന് ബയോടെക്കിന്‍റെ ബിസിനസ് ഡവലപ്മെന്‍റ് വക്താവ് ഡോ. റേച്ചസ് എല്ല പറഞ്ഞു. ഒക്‌ടോബർ മാസത്തോടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നതിലും വാക്‌സിൻ മികച്ച രീതിയിൽ പ്രതിരോധം തീർക്കുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം അവസാനത്തോടെ കൊവാക്‌സിന്‍റെ നിർമാണം 700 ദശലക്ഷം ഡോസുകളായി ഉയർത്തും. രണ്ട് മാസത്തിനകം തന്നെ കുട്ടികൾക്കായുള്ള വാക്‌സിന് അനുമതി ലഭിക്കുമെന്നും ഡോ. റേച്ചസ് എല്ല വ്യക്തമാക്കി.
Also Read:ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് 4 മരണം കൂടി
ആദ്യ ഡോസ് വാക്‌സിൻ ആളുകൾക്ക് ഭാഗിക പ്രതിരോധ ശേഷിയാണ് നൽകുന്നതെന്നും ശരീരത്തിൽ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലാണ് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ചിലപ്പോൾ രോഗം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം കൊവിഡിന്‍റെ കാഠിന്യം വളരെ കുറവായിരിക്കുമെന്നും ഡോ. റേച്ചസ് വിശദീകരിച്ചു. ഗർഭിണികളായ സ്ത്രീകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നും ആർത്തവ ദിനങ്ങളിലും സ്‌ത്രികൾക്ക് വാക്‌സിൻ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:മാരത്തോണിനിടെ കനത്ത മഴയും മഞ്ഞുവീഴ്‌ചയും ; 21 താരങ്ങള്‍ മരിച്ചു
70:20:10 അനുപാതത്തിൽ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് വാക്‌സിനുകൾ വിൽക്കാനാണ് നിലവിൽ ഭാരത് ബയോടെക്കിന് അനുമതിയുള്ളതെന്ന് ഡോ. റേച്ചസ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായുള്ള പ്രക്രിയകൾ ആരംഭിച്ച് കഴിഞ്ഞതായും ഉടൻ തന്നെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.