ഭോപ്പാൽ: ഭോപ്പാലിലെ ഭാരത് ഭവന്‍റെ ചുമരുകള്‍ ചിത്രങ്ങളാൽ സമ്പന്നമാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ കേവലം ഭംഗിക്കായി വരച്ചിരിക്കുന്നതല്ല. ഭൂരി ബായിയുടെ ആത്മസംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ പറയാനുണ്ട് ഈ ചുമരുകൾക്ക്. ഭാരത് ഭവന്‍റെ കെട്ടിട നിർമാണത്തിനെത്തി അതിന്‍റെ ചുമരുകൾക്ക് സ്വന്തം ജീവിതഛായം പൂശി ഇന്ന് അതേ ഇടത്തിൽ പത്മശ്രീ ഭൂരി ബായി ആയെത്തി ആദരവ് ഏറ്റുവാങ്ങുമ്പോൾ അതൊരു പോരാട്ടത്തിന്‍റെ കഥകൂടിയാണ്. മധ്യപ്രദേശിലെ ജബുവാ ജില്ലയിലെ പീതള്‍ ഗ്രാമത്തിലാണ് ഭൂരി ബായിയുടെ ജനനം. 17-ആം വയസില്‍ വിവാഹിതയായ ശേഷമാണ് അവർ ഭോപ്പാലിലേക്ക് എത്തുന്നത്. ഭാരത് ഭവനിലെ കൂലി തൊഴിലാളിയായി എത്തിയതാണ് ഭൂരി ബായിയുടെ ജീവിതത്തിൽ നിർണായകമായത്. ഭാരത് ഭവനിലൂടെയാണ് അവർ തന്‍റെ കലാ ജീവിതം ആരംഭിച്ചത്. ആ യാത്രയിലൂടെ രാജ്യത്തെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീയിൽ എത്തി നിൽക്കുകയാണ് ഭൂരി ബായി.
കുട്ടിക്കാലം മുതല്‍ ഭുരി ബായ്‌ക്ക് ചിത്രരചനയിൽ താൽപ്പര്യമുണ്ടായിരുന്നു. തന്‍റെ വീടിന്‍റെ ചുമരുകളായിരുന്നു ആദ്യ കാൻവാസ്. ബാല്യകാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്യവും തന്നെയാണ് ഭൂരി ബായിയിലെ കലാകാരിക്ക് ഇന്ധനമായത്. വെറും 10 വയസ് മാത്രം പ്രായമുള്ളപ്പോൾ തന്നെ കൂലിവേലയ്‌ക്ക് പോകാൻ നിർബന്ധിതമായ ജീവിത സാഹചര്യത്തിലൂടെയാണ് ഭൂരി ബായ് വളർന്നത്. 17-ആം വയസിൽ വിവാഹം. തുടർന്ന് ഭർത്താവനൊപ്പം കൂലിവേലയ്‌ക്കായി ഭോപ്പാലിലേക്ക്. ഭാരത് ഭവനിൽ നിർമാണ തൊഴിലാളിയായിരിക്കെ ആണ് ഭൂരി ബായി ഗുരു ജയ് സ്വാമിനാഥനെ കണ്ടു മുട്ടുന്നത്. അദ്ദേഹമാണ് ഭൂരി ബായിയ്ക്ക് വീണ്ടും ചിത്രം വരയ്ക്കാന്‍ പ്രചോദനം നല്‍കിയത്. ജീവിതാനുഭവങ്ങളുടെ തീഷ്‌ണത തന്‍റെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ച ഭൂരി ബായി അന്ന് മുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1986 ൽ മധ്യപ്രദേശ് സർക്കാർ കലാരംഗത്തെ പരമോന്നത പുരസ്കാരമായ ശിഖർ സമ്മാൻ നൽകി ഭൂരി ഭായിയെ ആദരിച്ചു. 1998ൽ അഹല്യ സമ്മാനും 2009ൽ റാണി ദുർഗാവതി അവാർഡും ഭൂരി ഭായിയെ തേടിയെത്തി. ഏറ്റവും ഒടുവിൽ ഈ വർഷം പത്മശ്രീയും.