ന്യൂഡൽഹി: പത്മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ പ്രസിഡന്‍റുമായിരുന്ന ഡോ. കെകെ അഗർവാൾ (62) കൊവിഡ് ബാധിച്ച് മരിച്ചു. മെയ് 17ന് രാത്രി 11:30ന് ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ അദ്ദേഹം വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടിയും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കെകെ അഗർവാൾ. മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിഡിയോയിലൂടെയും മറ്റും നിർദേശങ്ങൾ നൽകുന്നതിനും അദ്ദേഹം മുൻകൈയെടുത്തിരുന്നു. കൊവിഡിനെക്കുറിച്ചും ബ്ലാക്ക് ഫംഗസിനെക്കുറിച്ചും അദ്ദേഹം വീഡിയോകളും പുറത്തിറക്കിയിരുന്നു.