ഹൈദരാബാദ് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ബജറ്റിലെ നികുതി വര്‍ധനവിനെ പരിഹസിച്ചാണ് ചിദംബരം രംഗത്തുവന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി 2,000 കോടിയുടെ വരുമാനമുണ്ടാക്കാന്‍ 2,000 കോടിയുടെ അധിക നികുതി ഏര്‍പ്പെടുത്തിയതിനെയാണ് ചിദംബരം പരിഹസിച്ചത്. അധിക നികുതി വേണ്ടെന്നുവച്ചാല്‍ 2,000 കോടി ചെലവാക്കുന്നത് ഒഴിവാക്കിക്കൂടേ എന്നാണ് ചിദംബരം ചോദിച്ചത്.
സാമ്പത്തിക നേട്ടത്തിനായി അടിസ്ഥാന ആശയങ്ങള്‍ അടിയറവ് വച്ചുവെന്നും ചിദംബരം ആരോപിച്ചു. ട്വിറ്ററിലാണ് മുന്‍ കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. പെട്രോള്‍, ഡീസല്‍ നിരക്കില്‍ ലിറ്ററിന് രണ്ടുരൂപ വര്‍ധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളി നേരിടുകയാണെന്ന് പറഞ്ഞ ധനമന്ത്രി, കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്‌പ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനത്തിന് ഉണ്ടെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിഷേധം ശക്തം :എന്നാല്‍ ബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ് ഹൗസിന് പുറത്തുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാട്ടി. വെള്ളിയാഴ്‌ച സെക്രട്ടേറിയറ്റിന് പുറത്ത് ബജറ്റിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, ബിജെപി - യുവമോർച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയുമാണ്.