ന്യൂഡൽഹി : നഗരങ്ങളിൽ സ്വന്തമായൊരു വീട് സ്വപ്‌നം കാണുന്നവർക്ക് ബാങ്ക് വായ്‌പയുടെ പലിശയിൽ ഇളവ് നൽകുന്നതിനുള്ള പദ്ധതി സർക്കാർ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാമത് സ്വാതന്ത്ര്യ ദിന ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രസംഗിക്കുന്നതിനിടയില്‍ നിരവധി വാഗ്‌ദാനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. സ്വന്തമായി വീടില്ലാത്ത സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മോദി പറഞ്ഞു.
സ്വന്തമായി വീടില്ലാതെ നഗരങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർ ഒരുപാട് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാടകവീടുകളിലും നഗരങ്ങളിലെ കോളനികളിലും കുടിലുകളിലും താമസിക്കുന്നവരെ സഹായിക്കുന്നതിനായി സ്വന്തമായി വീട് നിര്‍മിക്കാന്‍ ബാങ്ക് വായ്‌പ നല്‍കി പലിശയിൽ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ഇതിനകം തന്നെ ഒരു ഭവന പദ്ധതി നിലനില്‍ക്കുന്നുണ്ട്, രാജ്യത്തുടനീളമുള്ള അർഹരായ ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വീടുകൾ ലഭ്യമാക്കുന്നതിനായി 2015 ജൂൺ 25 ന് പ്രധാനമന്ത്രി ആവാസ് യോജന അർബൻ(പിഎംഎവൈ-യു) നിലവില്‍ വന്നിരുന്നു. കേന്ദ്ര ഭവനത്തിന്‍റെയും നഗരകാര്യ മന്ത്രാലയത്തിന്‍റെയും കണക്കനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സമർപ്പിച്ച പ്രോജക്‌ട് പ്രൊപ്പോസലുകളെ അടിസ്ഥാനമാക്കി 2023 ജൂലൈ 31 വരെ 118.90 ലക്ഷം വീടുകൾ അനുവദിച്ചു. അനുവദിച്ച വീടുകളിൽ 76.02 ലക്ഷം യൂണിറ്റുകൾ പൂർത്തീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തിട്ടുമുണ്ട്.