ഭോപ്പാൽ: ആശങ്കകളുടെയും ഒറ്റപ്പെടലിന്‍റെയും കഥകളാണ് കഴിഞ്ഞ ഒന്നര വർഷമായി ലോക ജനത കാണുന്നതും കേൾക്കുന്നതും. കൊവിഡ് പിടിമുറിക്കിയപ്പോൾ അകാലത്തിൽ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ പോലും കഴിയാതെ പോയവർ ഒട്ടനവധി.
ഈ സമയത്ത് രാജ്യത്ത് തന്നെ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ നിന്നെത്തുന്നത് ഹൃദയം നുറുക്കുന്ന വാർത്തകളാണ്. സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിൽ വർധനവ് രേഖപ്പെടുത്തിയതോടെ മരിച്ചവരുടെ ശരീരങ്ങൾ മറവു ചെയ്യാനുള്ള മാർഗം തേടുകയാണ് സർക്കാർ. പൊതു ശ്മശാനങ്ങളിൽ കൊവിഡ് രോഗികളുടെ പാതി കത്തിയ മൃതശരീരങ്ങൾ തൊഴിലാളികൾ ഉപേക്ഷിച്ച് പോകുന്നു. പാതി വെന്ത ശരീരങ്ങൾ നായകൾക്ക് ഭക്ഷണമാക്കുന്നു. റോഡരികിൽ ശരീരങ്ങൾ അനാഥമായി കിടക്കുന്നു. മരിച്ച വ്യക്തിയോട് ചെയ്യാൻ സാധിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ അപമാനം. മൃതശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നു.