ന്യൂഡല്‍ഹി :രാജ്യത്ത് ഇതുവരെ 90 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകൾ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാത്രി വൈകി അന്തിമ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ പ്രതിദിന വാക്‌സിനേഷന്‍ കണക്ക് വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 65 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് ശനിയാഴ്ച നൽകിയത്.
'വാക്‌സിന്‍ ജനങ്ങളെ രക്ഷിക്കാനുള്ള ഉപാധി'
90,42,59,810 ഡോസുകളാണ് നല്‍കിയതെന്ന് വൈകുന്നേരം ഏഴുമണി വരെ ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 65,27,196 ഡോസുകള്‍ ശനിയാഴ്‌ച നല്‍കിയതോടെയാണ് 90 കോടി കടന്നത്. 65,77,50,687 ഡോസുകള്‍ ആദ്യഘട്ടമായും 24,65,09,123 ഡോസുകള്‍ രണ്ടാം ഘട്ടവുമായാണ് വിതരണം ചെയ്‌തത്.
കൊവിഡില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉപാധിയെന്ന നിലയിൽ കുത്തിവയ്പ്പ് നടപടികള്‍ പതിവായി അവലോകനം ചെയ്യുന്നുണ്ട്. ഉന്നത തല യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്താറുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ALSO READ:'ലക്ഷദ്വീപിലെ മുസ്ലിം ജനതയുടെ ദേശസ്നേഹത്തെ സംശയിക്കാനാവില്ല'; ദേശവിരുദ്ധരെ ചെറുത്തവരെന്ന് രാജ്‌നാഥ് സിംഗ്
ജനുവരി 16 ന് ആദ്യഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകിക്കൊണ്ട് രാജ്യവ്യാപകമായി വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചു. മറ്റ് മുന്‍നിര പോരാളികള്‍ക്കുള്ള കുത്തിവയ്പ്പ് ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
മാർച്ച് ഒന്ന് മുതല്‍ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ളവർക്കും നല്‍കി. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിനേഷൻ ആരംഭിച്ചു. പിന്നീട്, 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.