ന്യൂഡൽഹി: കൗമാരക്കാരുടെ വാക്‌സിനേഷന്‍റെ ആദ്യ ദിനത്തിൽ രാത്രി എട്ട് മണി വരെ 40 ലക്ഷത്തിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. 15 മുതൽ 18 വരെ പ്രായപരിധിയിലുള്ളവരിൽ 40 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചെന്നും വാക്‌സിനേഷൻ ഡ്രൈവിൽ മറ്റൊരു പൊൻതൂവൽ കൂടിയാണിതെന്നും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
ജനുവരി ഒന്നിന് കൊവിൻ പോർട്ടലിലൂടെ രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ 51 ലക്ഷത്തിലധികം കൗമാരക്കാരാണ് രജിസ്റ്റർ ചെയ്‌തതെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമായ ആർഎംഎൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി സന്ദർശനം നടത്തുകയും വാക്‌സിൻ സ്വീകരിച്ചവരുമായി സംവദിക്കുകയും ചെയ്‌തിരുന്നു. വാക്‌സിനെടുക്കാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടണമെന്നും ഇവരോട് മന്ത്രി ആവശ്യപ്പെട്ടു.