ഡെറാഡൂൺ: കുംഭമേളയിലെ പ്രധാന ചടങ്ങുകളിലൊന്നായ രണ്ടാം ഷാഹി സ്നാനത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച ഗംഗാ തീരത്ത് എത്തിയത് ഏകദേശം 35 ലക്ഷം ഭക്തർ. കൊവിഡ് വ്യാപനം കടുത്ത സമയത്താണ് 35 ലക്ഷം ഭക്തർ ഒത്തുകൂടിയത്. വിവിധ അഖാഡകളിലെ സന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന ശോഭാ യാത്രക്ക് ശേഷമാണ് ഭക്തർ ഗംഗയിൽ മുങ്ങിക്കുളിച്ചത്. ഭക്തർക്ക് ഉത്തരാഖണ്ഡ് സർക്കാർ ഹെലികോപ്ടറിൽ പുഷ്പ വൃഷ്ടി ഏർപ്പെടുത്തി. മാർച്ച് 11നാണ് ആദ്യ ഷാഹി സ്‌നാനം നടന്നത്. മൂന്നാമത്തെ ഷാഹി സ്‌നാനം ഏപ്രിൽ 14ന് നടക്കും.
ചടങ്ങിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം പാലിക്കാതെയാണ് ചടങ്ങു നടന്നതെന്നും മുഖ്യമന്ത്രി തിരത് സിങ് റാവത്ത് അറിയിച്ചു. വലിയ വിഭാഗം ജനങ്ങൾ തടിച്ചു കൂടുന്നിടത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് അസാധ്യമാണെന്ന് ഐ ജി സഞ്ജയ് ഗുഞ്ജ്യാൽ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത 9,678 പേരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.