ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം 23 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.98 ആയെന്നും മന്ത്രാലയം വ്യക്തമാക്കി. വൈകാതെ തന്നെ നാല് കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന രാജ്യമെന്ന നാഴികക്കല്ല് കൂടി ഇന്ത്യ സ്വന്തമാക്കുമെന്നും മന്ത്രാലയം കൂട്ടിചേർത്തു. ഇതുവരെ 3,71,43,255 പേർക്കാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തിട്ടുള്ളത്. ഇതിൽ 75,68,844 ആരോഗ്യ പ്രവർത്തകരും 77,16,084 മുന്നണി പോരാളികളും ഉൾപ്പെടുന്നുണ്ട്.
രാജ്യത്തെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 23 കോടി കടന്നു - ഇന്ത്യ കൊവിഡ് വാർത്ത
172 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്
35,871 പേർക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 2,52,364 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 79.54 ശതമാനം പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. 16,620 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ. 17,741 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്തെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,10,63,025 ആയി. 172 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്.