ന്യൂഡൽഹി: ആദ്യ ഘട്ട വാക്‌സിനുകൾ സ്വീകരിച്ച ശേഷം 21,000ത്തിലധികം പേർക്കും രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിച്ചതിന് ശേഷം 5,500 പേർക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര സർക്കാർ. രണ്ടാം ഘട്ട കൊവാക്‌സിൻ സ്വീകരിച്ച 17,37,178 പേരിൽ 0.04 ശതമാനം പേർക്കും രണ്ടാം ഘട്ട കൊവിഷീൽഡ് സ്വീകരിച്ച 1,57,32,754 പേരിൽ 0.03 ശതമാനം പേർക്കും കൊവിഡ് കണ്ടെത്തിയെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. വാക്‌സിൻ രോഗബാധയുടെ സാധ്യതയും മരണസംഖ്യയും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷന് ശേഷം ഒരാൾക്ക് രോഗബാധയുണ്ടായാൽ അതിനെ 'ബ്രേക്ക്‌ത്രൂ' എന്ന് അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ട വാക്‌സിൻ സ്വീകരിച്ചവരിൽ 21,000ത്തിലധികം പേർക്ക് കൊവിഡ് - വാക്‌സിൻ സ്വീകരിച്ചും കൊവിഡ്
ആദ്യഘട്ട വാക്‌സിൻ സ്വീകരിച്ചവരിൽ 21,000ത്തിലധികം പേർക്കും രണ്ടാം ഘട്ടം സ്വീകരിച്ചവരിൽ 5,500 പേർക്കും രോഗം റിപ്പോർട്ട് ചെയ്‌തെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ.
1.1 കോടി ഡോസ് കൊവാക്‌സിൻ വിതരണം ചെയ്‌തെന്നും ഇതിൽ 93 ലക്ഷം പേര്‍ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിച്ചെന്നുമാണ് കണക്ക്. ഇതിൽ 4,208 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവാക്‌സിൻ രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച 17,37,178 പേരിൽ 695 പേർക്കും രോഗബാധയുണ്ടായി. അതേ സമയം 11.6 കൊവിഷീൽഡ് ഡോസ് ഇതുവരെ വിതരണം ചെയ്‌തെന്നും ഇതിൽ ആദ്യഘട്ടം സ്വീകരിച്ച പത്ത് കോടി പേരിൽ 17,145 പേർക്കും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച 1,57,32,754 പേരിൽ 5,014 പേർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ കൊവാക്സിനും കൊവിഷീൽഡും സ്വീകരിച്ചവരിൽ 5,709 പേർക്കാണ് രോഗബാധ. ഇതൊരു ചെറിയ നിരക്കാണെന്നും ആശങ്കാജനകമായ സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗത്തിലും ഈ സംഖ്യ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ എടുത്താലും അപകട സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. രാജ്യത്ത് 7,500 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ടെന്നും 6,600 മെട്രിക് ടൺ ഓക്‌സിജൻ സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.