ഹൈദരാബാദ് : അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെ ജാംനഗറിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സി -17 വിമാനത്തിൽ ഇറാൻ വ്യോമപാതയിലൂടെയാണ് ഇവരെ എത്തിച്ചത്.
കാബൂളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി അടിയന്തര സാഹചര്യത്തിൽ തങ്ങളെ നാട്ടിലെത്തിച്ച ഇന്ത്യൻ വ്യോമസേനയ്ക്ക് അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടണ്ടൻ നന്ദി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ കാബൂളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തേ അറിയിച്ചിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ നിരവധി ഇന്ത്യക്കാർ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിസ്ഥാന്‍ സെൽ രൂപീകരിച്ചു
അതിനിടെ, അഫ്‌ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്‌ഗാന്‍ സെൽ രൂപീകരിച്ചു.
ആളുകൾക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറും (ഫോൺ നമ്പർ: +919717785379) ഇമെയില്‍ ഐ.ഡിയും (MEAHelpdeskIndia@gmail.com) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഫ്‌ഗാനില്‍ ഏകദേശം 500 ഇന്ത്യൻ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെ വ്യോമസേനാവിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.
താലിബാൻ ഞായറാഴ്ച അഫ്‌ഗാന്‍ തലസ്ഥാനം പിടിച്ചെടുത്തതോടെയാണ് അരക്ഷിതാവസ്ഥയുണ്ടായത്. താലിബാൻ കാബൂൾ പിടിച്ച് മണിക്കൂറുകൾക്കകം പ്രസിഡന്റ് അഷ്റഫ് ഗാനി തന്‍റെ കൊട്ടാരം ഉപേക്ഷിച്ച് രാജ്യം വിട്ടിരുന്നു.
Also read: അഫ്‌ഗാനിലെ ഇന്ത്യൻ എംബസി അടച്ചു; ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യയിലെത്തി