ന്യൂഡൽഹി:മുനവർ ഫാറൂഖിയുടെ പേരിലുള്ള എല്ലാ കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കലാകാരന്മാർ. അരുന്ധതി റോയ്, കുനാൽ കമ്ര, പൂജ ഭട്ട്, കൽക്കി കൊച്ച്ലിൻ എന്നിവരുൾപ്പെടെ നൂറിലധികം കലാകാരന്മാരും എഴുത്തുകാരുമാണ് പ്രതിഷേധവുമായി എത്തിയത്.
മുനവർ ഫാറൂഖിക്കും മറ്റ് 4 പേർക്കുമെതിരായ ആരോപണങ്ങൾ തള്ളണമെന്ന് കലാകാരന്മാർ - മുനവർ ഫാറൂഖിക്ക് വേണ്ടി കലാകാരന്മാർ
ഫാറൂഖി, നളിൻ യാദവ്, പ്രാകാർ വ്യാസ്, എഡ്വിൻ ആന്‍റണി, സദാകത്ത് ഖാൻ എന്നിവർക്കെതിരായ എല്ലാ ആരോപണങ്ങളും പൂർണമായും റദ്ദാക്കണമെന്ന് നൂറിലധികം കലാകാരന്മാർ സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു
പുതുവത്സര ദിനത്തിൽ ഇൻഡോറിലെ ഒരു കഫേയിൽ നടന്ന കോമഡി ഷോയ്ക്കിടെ ഹിന്ദു ദേവതകളെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായുള്ള ബിജെപി എംഎൽഎയുടെ മകന്‍റെ പരാതിയെത്തുടർന്നാണ് ജനുവരി ഒന്നിന് ഫാറൂഖിയെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്‌തത്. തുടർന്ന് സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ഫാറൂഖി ഫെബ്രുവരി ആറിന് അർധരാത്രി ഇൻഡോർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.
ഫാറൂഖി, നളിൻ യാദവ്, പ്രാകാർ വ്യാസ്, എഡ്വിൻ ആന്‍റണി, സദാകത്ത് ഖാൻ എന്നിവർക്കെതിരായ എല്ലാ ആരോപണങ്ങളും പൂർണമായും റദ്ദാക്കണമെന്ന് നൂറിലധികം കലാകാരന്മാർ സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഓരോ പൗരനും ന്യായമായ നിയന്ത്രണങ്ങളുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഫാറൂഖിക്കെതിരായ നടപടി സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും കലാകാരന്മാർ വ്യക്തമാക്കി.