ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് 41 ദിവസം പിന്നിടുമ്പോൾ 1.30 കോടിയും കടന്ന് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം 3,95,884 ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് വാക്‌സിൻ കുത്തിവെപ്പെടുത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,77,303 സെഷനുകളിലായി 1,30,67,047 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ 1.30 കോടിയും കടന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം - ഇന്ത്യ കൊവിഡ് കണക്ക്
മാർച്ച് ഒന്ന് മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള രോഗികൾക്കും വാക്‌സിനേഷൻ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി
ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്ക് ഫെബ്രുവരി രണ്ടിനും ആയിരുന്നു രാജ്യത്ത് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചത്. തുടർന്ന്, ഫെബ്രുവരി 13 മുതൽ രണ്ടാം ഡോസ് വാക്‌സിനും നൽകി തുടങ്ങി. മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഇതുവരെ 51 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ 0.0004 ശതമാനം മാത്രമാണ്.
ആശുപത്രികളിൽ പ്രവേശിപ്പിച്ച 51 പേരിൽ 26 പേർ ചികിത്സ നേടി ആശുപത്രി വിട്ടതായും 23 പേർ മരിച്ചതായും രണ്ട് പേർ ചികിത്സയിൽ തുടരുകയാണെന്നും മന്ത്രാലയം കൂട്ടിചേർത്തു. മാർച്ച് ഒന്ന് മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള രോഗികൾക്കും വാക്‌സിനേഷൻ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.