ന്യൂഡൽഹി:ഇന്ത്യയിലെ SARS-CoV-2 വകഭേദത്തിനെതിരെ ഫൈസറിന്‍റെ വാക്സിൻ ഫലപ്രദമാണെന്ന് കമ്പനി കേന്ദ്ര സർക്കാരിനെ അറിയിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും ഫൈസറിന്‍റെ വാക്സിൻ അനുയോജ്യമാണെന്നും 2-8 ഡിഗ്രിയിൽ ഒരു മാസം വരെ വാക്സിൻ സൂക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 5 കോടി ഡോസുകൾ ഇന്ത്യയ്ക്ക് നൽകാൻ തയാറാണെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചില ഇളവുകൾ രാജ്യത്തിന് അനുവദിക്കാൻ കമ്പനി ഒരുങ്ങുന്നതായും കമ്പനി പറയുന്നു. ഇന്ത്യയിലെ നിലവിലെ സ്ഥിതി കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി കാണേണ്ട ഒന്നല്ലെന്നും പതിവു പ്രക്രിയകളിലൂടെ അതിനെ നേരിടാനാവില്ലെന്നും കമ്പനി കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ നാശം വിതച്ച B.1.617.2 വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രദമാണ് ഫൈസർ വാക്സിനെന്ന് കണ്ടെത്തിയിരുന്നു. ലോക്കൽ ടെസ്റ്റിങിനു പകരം ലോകാരോഗ്യസംഘടനയുടെ ടെസ്റ്റിങ് സർട്ടിഫിക്കറ്റുകളെ ആശ്രയിക്കണമെന്ന് ഫിസർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.