തമിഴ്‌നാട്: ഓസ്‌കർ വേദിയിൽ ഇന്ത്യൻ വസന്തം വിരിഞ്ഞ ഇന്നലെ ഏറെ ചർച്ചകൾക്ക് വഴി വച്ച അവാർഡുകളിൽ ഒന്നായിരുന്നു ഡോക്യുമെന്‍ററി വിഭാഗത്തിൽ 'എലഫന്‍റ് വിസ്‌പേഴ്‌സ്' നേടിയ അംഗീകാരം. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം നിർവഹിച്ച ദ 'എലഫന്‍റ് വിസ്‌പേഴ്‌സ്' ഗുനീത് മോംഗയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനാഥനായ ഒരു ആനക്കുട്ടിയും അതിന്‍റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലഫന്‍റ് വിസ്‌പേഴ്‌സിന്‍റെ പ്രമേയം.
ഇലക്‌ട്രിക്ക് ഷോക്കടിച്ച് അമ്മ ചരിഞ്ഞ രഘു എന്ന കുട്ടിയാനയെ മകൾ മരിച്ച മുതുമല തെപ്പക്കാട് ആന ക്യാമ്പിലെ ജോലിക്കാരായ ദമ്പതികൾ എടുത്തു വളർത്തുന്ന കഥയാണ് ഡോക്യുമെന്‍ററി പറയുന്നത്. ആഗോള തലത്തിൽ ഇന്ന് രഘുവും ദമ്പതികളും ചർച്ചയാകുമ്പോൾ ആനക്കുട്ടിയെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് മുതുമലയിൽ എത്തുന്നത്. 'ഇതൊരു മഹത്തായ നിമിഷമാണ്. ഇവിടെ വന്നതിൽ സന്തോഷമുണ്ട്. ആനയാണ് എന്‍റെ പ്രിയപ്പെട്ട മൃഗം, സിനിമ ഓസ്‌കർ നേടിയത് എന്നെ സന്തോഷിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു,' മുതുമലയിൽ എത്തിയ ടൂറിസ്റ്റ് പറയുന്നു.
ഹൃദ്യം ഈ ബന്ധം:വന്യജീവി ആക്രമണം നിരന്തരം വാർത്തയാകുന്ന കാലത്ത് പരിക്കേറ്റ കുഞ്ഞ് ആനയെ ബൊമ്മൻ-ബെല്ലി എന്നി തദ്ദേശീയ ദമ്പതികൾ വളർത്തിയെടുക്കുന്നതാണ് ഡോക്യുമെന്‍ററി. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തിലെ ചോലനായ്‌ക്കർ വിഭാഗം പ്രകൃതിക്ക് ഭാരമാകാതെ എങ്ങനെയാണ് ഇഴുകി ചേരുന്നതെന്നും ഡോക്യുമെന്‍ററി വരച്ച് കാണിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഗോത്രവർഗക്കാരുടെ ജീവിതത്തെ കൂടി അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍ററിയുടെ ഓരോ ഷോട്ടുകളും അതിമനോഹരമായ വനത്തിന്‍റെ ഭംഗിയും പകർത്തിയിട്ടുണ്ട്.