കേരളം

kerala

ETV Bharat / bharat

മോര്‍ബി അപകടം 'ദൈവ പ്രവൃത്തിയെന്ന്' നിര്‍മാണ കമ്പനി; കേബിളുകള്‍ തുരുമ്പെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട് - രാഹുല്‍ ത്രിപാഠി

മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് ദുരന്തം 'ദൈവത്തിന്‍റെ പ്രവര്‍ത്തിയെന്ന്' കോടതിയില്‍ അറിയിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമുള്ള ഒറേവ കമ്പനി.

Oreva  Morbi Hanging Bridge  Hanging Bridge accident  Construction Company  മോര്‍ബി തൂക്കുപാല അപകടം  മോര്‍ബി  ദൈവത്തിന്‍റെ പ്രവര്‍ത്തി  നിര്‍മാണ കമ്പനി  കേബിളുകള്‍  എഫ്എസ്എല്‍  മച്ചു  ഒറേവ കമ്പനി  കോടതി  പബ്ലിക് പ്രോസിക്യൂട്ടര്‍  ഫോറന്‍സിക് സയന്‍സ്  രാഹുല്‍ ത്രിപാഠി  ഹര്‍ഷ് സാങ്‌വി
മോര്‍ബി തൂക്കുപാല അപകടം 'ദൈവത്തിന്‍റെ പ്രവര്‍ത്തിയെന്ന്' നിര്‍മാണ കമ്പനി; കേബിളുകള്‍ തുരുമ്പെടുത്തിരുന്നുവെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട്

By

Published : Nov 2, 2022, 7:40 PM IST

മോര്‍ബി:മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 142 പേരിലധികം മരിച്ച സംഭവം ദൈവത്തിന്‍റെ പ്രവര്‍ത്തിയെന്ന് കോടതിയില്‍ അറിയിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമുള്ള കമ്പനി. പാലത്തിന്‍റെ അറ്റകുറ്റ പണികളുടെ ചുമതലയുള്ള ഒറേവ കമ്പനിയുടെ അധികൃതരാണ് അപകടം ദൈവികമെന്ന് കോടതിയെ അറിയിച്ചതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്എസ് പഞ്ചല്‍ വ്യക്തമാക്കി.

സമ്പൂർണം ക്രമക്കേട്: പാലത്തിന്‍റെ കേബിളുകള്‍ തുരുമ്പെടുത്തിരുന്നുവെന്നും പരിപൂര്‍ണ സ്ഥിതിയിലല്ലായിരുന്നുവെന്നും ഫോറന്‍സിക് സയന്‍സ് ലാബിന്‍റെ (എഫ്‌എസ്എല്‍) റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. തൂക്കുപാലത്തിന്‍റെ കേബിളുകള്‍ തുരുമ്പെടുത്തിരുന്നു. പാലത്തില്‍ നടന്നുപോകാവുന്ന പ്രതലം മാത്രമാണ് മാറ്റി സ്ഥാപിച്ചിരിക്കുന്നതെന്നും കേബിളുകള്‍ മാറ്റുകയോ ഇവയില്‍ ഓയിലോ ഗ്രീസിങ്ങോ പോലും നടത്തിയിട്ടില്ലെന്നും പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്നും കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാഹുല്‍ ത്രിപാഠി കോടതിയില്‍ അറിയിച്ചു.

ടെന്‍ഡര്‍ നടപടികള്‍ ഒട്ടും സുതാര്യമല്ലായിരുന്നുവെന്നും കമ്പനിയുമായി നേരിട്ട് കരാറിലെത്തുകയായിരുന്നുവെന്നും രാഹുല്‍ ത്രിപാഠി വ്യക്തമാക്കി. സംഭവത്തില്‍ ഒറേവ കമ്പനിയുടെ രണ്ട് മാനേജർമാര്‍, അറ്റകുറ്റപണികള്‍ക്ക് മേല്‍നോട്ടം നല്‍കിയ രണ്ടുപേര്‍ എന്നിവര്‍ പൊലീസ് കസ്‌റ്റഡിയിലാണുള്ളത്. ഇവരെ കൂടാതെ സുരക്ഷാ ജീവനക്കാര്‍, ടിക്കറ്റ് നല്‍കുന്നയാള്‍ തുടങ്ങി അഞ്ചോളം പേരെ കോടതി നവംബര്‍ അഞ്ച് വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയിലും വിട്ടു.

കസ്‌റ്റഡിയിലുള്ള നാലുപേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണത്തില്‍ ഇവരില്‍ ആര്‍ക്കെതിരെയെങ്കിലും കുറ്റം കണ്ടെത്തിയാല്‍ ഉടനടി അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാഹുല്‍ ത്രിപാഠി അറിയിച്ചു. അതേസമയം കേസില്‍ വിശദമായ ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും ഇതിനെക്കുറിച്ച് തല്‍കാലം സംസാരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 142 കടന്നുവെന്നും സംഭവത്തില്‍ മുഖ്യമന്ത്രി ഒരു ഹൈ പവര്‍ കമ്മിറ്റിയെ നിയോഗിച്ചുവെന്നും ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വി പറഞ്ഞു. ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പലയിടത്തായി നിയമിച്ചുവെന്നും എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അപകടത്തെ തുടര്‍ന്ന് സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറോളം പേര്‍ നിലവില്‍ ചികിത്സയിലാണ്. മാത്രമല്ല മച്ചു നദിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details