ന്യൂഡല്‍ഹി:സായുധസേന ആവശ്യപ്പെടുന്ന ഓര്‍ഡറുകള്‍ എത്തിക്കാന്‍ കേന്ദ്ര ആയുധ സംഭരണശാലകള്‍ക്കോ (സിഒഡി) ആയുധ സംഭരണശാലകള്‍ക്കോ (ഒഡി) സാധിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). 'ഇന്‍വെന്‍ററി മാനേജ്‌മെന്‍റ് ഇന്‍ ഓര്‍ഡിനന്‍സ് സര്‍വീസസ്' എന്ന പേരില്‍ ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ വിമർശനം. യൂണിറ്റുകള്‍ അടിയന്തരമായി ആവശ്യപ്പെട്ട ആയുധങ്ങള്‍ എത്തിക്കുന്നതില്‍ പോലും സിഒഡികള്‍ക്ക് വീഴ്‌ച സംഭവിക്കുന്നുവെന്നും തൃപ്‌തികരമായ നിലയിലല്ല ആയുധ വിതരണം നടക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
യൂണിറ്റുകള്‍ ആവശ്യപ്പെടുന്നതിലും കുറഞ്ഞ നിരക്കില്‍ വിതരണം നടത്തുന്നതിനെ സൂചിപ്പിക്കുന്ന ശരാശരി ആക്‌ച്വല്‍ ഇൻഎബിലിറ്റി നിരക്ക് 2014-15 കാലഘട്ടത്തിലെ 48.80 ശതമാനത്തില്‍ നിന്ന് 2018-19ല്‍ 77.05 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ഥ ഇൻഎബിലിറ്റി നിരക്ക് ആയുധപ്പുരകള്‍ പുറത്തുവിടുന്നതിനെക്കാള്‍ വളരെ വലുതാണെന്നും സിഎജി വ്യക്തമാക്കി. ആയുധപ്പുരകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരാശരി ആക്‌ച്വല്‍ ഇൻഎബിലിറ്റി നിരക്ക് 11 മുതല്‍ 35 ശതമാനം വരെയായിരുന്നു.
ആയുധ സംഭരണശാലകളുടെ കഴിവില്ലായ്‌മ:നിലവിലെ മാനദണ്ഡമനുസരിച്ച് യൂണിറ്റുകള്‍ ആവശ്യപ്പെടുന്ന ആയുധങ്ങള്‍ കരാര്‍ രസീതിന്‍റെ 22 ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചു നല്‍കണം. ആയുധ സംഭരണശാലകളില്‍ നിന്ന് എത്തിക്കാന്‍ കഴിയാത്തവ കുടിശ്ശികയായും സൂക്ഷിക്കും. എന്നാല്‍ 2019 മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് 22 ദിവസത്തെ സമയപരിധി കഴിഞ്ഞും എത്തിക്കാന്‍ കഴിയാതെ വന്ന കുടിശ്ശിക 6,49,045 ആണ്.
ആവശ്യമായ ഓര്‍ഡറുകള്‍ എത്തിക്കാന്‍ ആറുമാസം വരെ നീണ്ടത് 14 മുതല്‍ 62 ശതമാനം വരെയാണ്. 38 മുതല്‍ 86 ശതമാനം വരെയുള്ള ചില ഓര്‍ഡറുകള്‍ എത്തിക്കാന്‍ ആറുമാസം കടന്നു. ഇത് അവശ്യസാമഗ്രികള്‍ കണ്ടെത്തുന്നതില്‍ ആയുധ സംഭരണശാലകളുടെ കഴിവില്ലായ്‌മയെയാണ് സൂചിപ്പിക്കുന്നതെന്നും സിഎജി കുറ്റപ്പെടുത്തി. വന്‍തോതിലുള്ള കുടിശ്ശികകളിലും അവശ്യം കണക്കിലെടുത്തുള്ള വിതരണത്തിനും ഫലപ്രദമായ ദീര്‍ഘകാല പദ്ധതികള്‍ മുന്നോട്ടു വയ്ക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ കരസേനയ്ക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തം ആര്‍മി ഓർഡനന്‍സ് കോറിനുള്ളതാണ് (എഒസി). ആയുധ ഡിപ്പോകള്‍, സ്റ്റോര്‍ ഹോള്‍ഡിങ് യൂണിറ്റുകള്‍ വഴിയുമാണ് സായുധ സേനയ്ക്കുള്ള ആയുധങ്ങളുടെ വിതരണം നടത്താറുള്ളത്. ഫീൽഡ് തലത്തിൽ ആയുധങ്ങള്‍ സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ലഭ്യമാക്കുന്നതും വിവിധ കേന്ദ്രങ്ങളിലെ സിഒഡികള്‍ മുഖേനയുമാണ്.