ന്യൂഡൽഹി : മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം. രണ്ട് കുക്കി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി പൊതുമധ്യത്തിൽ ഒരു കൂട്ടം പുരുഷന്മാർ നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഭയിൽ വിശദീകരണം നടത്താൻ ആവശ്യപ്പെട്ടത്.
പ്രസ്‌താവനയ്‌ക്ക് പുറമെ, വിഷയം ചർച്ച ചെയ്യാൻ ലോക്‌സഭയിൽ അവസരം നൽകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്‌ജൻ ചൗധരി പറഞ്ഞു. അതേസമയം, മണിപ്പൂർ സംഭവം ലജ്ജാകരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവം രാജ്യത്തെയാകെ നാണം കെടുത്തിയെന്നും മോദി പറഞ്ഞു. സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നത്. മണിപ്പൂർ സംഭവം നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മോദി പറഞ്ഞിരുന്നു.
സോണിയ ഗാന്ധിയോട് സുഖ വിവരം തിരക്കി മോദി :അതേസമയം, മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ആളിക്കത്തുമ്പോൾ, വർഷകാല സമ്മേളത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് പാലർമെന്‍റിലെത്തിയ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് പ്രധാനമന്ത്രി സുഖവിവരം തിരക്കിയത് വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാങ്കേതിക തകരാർ കാരണം സോണിയ ഗാന്ധി സഞ്ചരിച്ച ചാർട്ടേഡ് വിമാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭോപ്പാലിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് നേതാവിന്‍റെ ആരോഗ്യത്തിൽ പ്രധാനമന്ത്രി ആശങ്ക പ്രകടമാക്കിയത്.