കേരളം

kerala

ETV Bharat / bharat

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ കാഹളം മുഴക്കി മമത ബാനര്‍ജി; "പ്രതിപക്ഷ ഐക്യം ബിജെപിയെ തറപറ്റിക്കും" - opposition coalition against bjp

ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിതീഷ്‌ കുമാറും, ഹേമന്ദ് സോറനും, അഖിലേഷ് യാദവും മുന്‍ നിരയില്‍ ഉണ്ടാവുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

2024 general election  മമതാ ബാനര്‍ജി  ഖേല ഹോബെ എന്ന മുദ്രാവാക്യം  national political news  opposition coalition against bjp  ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ കാഹളം മുഴക്കി മമതാ ബാനര്‍ജി; "പ്രതിപക്ഷഐക്യം ബിജെപിയെ തറപറ്റിക്കും"

By

Published : Sep 8, 2022, 9:00 PM IST

കൊല്‍ക്കത്ത:2024ല്‍ നടക്കാന്‍ പോകുന്ന 24ാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക്‌വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമതാ ബനര്‍ജി. ബിജെപിക്കെതിരായ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തന്ത്രം ആരംഭിക്കുക പശ്ചിമബംഗാളില്‍ നിന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ എന്നിവര്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ ഉണ്ടാവുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടായാല്‍ 2024ല്‍ കേന്ദ്രത്തില്‍ അവര്‍ അധികാരത്തില്‍ വരില്ല. ബിജെപിക്കെതിരായ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ എല്ലാ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോടും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

"ബിജെപിയുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തി": 10 കോടി രൂപ എംഎല്‍എമാര്‍ക്ക് വാഗ്‌ദാനം ചെയ്‌ത് ബംഗാള്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചെന്നും മമതാ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ ശ്രമം താന്‍ കൈയോടെ പിടികൂടി. ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും തങ്ങള്‍ പരാജയപ്പെടുത്തി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ 'കളി' കാത്തിരുന്നു കണ്ടോളൂ എന്നും ബിജെപിയോടായി മമതാ ബാനര്‍ജി പറഞ്ഞു.

ഝാര്‍ഖണ്ഡ് നിയമസഭയിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ പശ്ചിമബംഗാളിലെ ഹൗറയില്‍ വച്ച് ഈ വര്‍ഷം ജൂലായി 30ന് 49 ലക്ഷം രൂപയുമായി അറസ്‌റ്റ് ചെയ്‌തിരുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ JMM ന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാനായി ബിജെപിയാണ് തങ്ങളുടെ ഈ മൂന്ന് എംഎല്‍എമാര്‍ക്ക് പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. പത്ത് കോടിയാണ് തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്‌ധാനം ചെയ്‌തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഈ കോണ്‍ഗ്രസ് എംഎല്‍എമാരെ അറസ്‌റ്റ് ചെയ്‌തതിനെയാണ് ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ തങ്ങള്‍ രക്ഷിച്ചു എന്ന് മമതാബാനര്‍ജി പറയുന്നത്.

"അഹങ്കാരം ബിജെപിയുടെ അന്തക വിത്താകും": 99 ശതമാനം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും കറകളഞ്ഞവരും സത്യസന്ധരുമാണെന്ന് മമതാബാനര്‍ജി അവകാശപ്പെട്ടു. ഒന്നോ, രണ്ടോ ത്രിണമൂല്‍ നേതാക്കള്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അവരെ നിയമം കൈകാര്യം ചെയ്‌തുകൊള്ളും. പാര്‍ട്ടി അവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ലോക്‌സഭയില്‍ മുന്നൂറ് സീറ്റിലധികം ഉണ്ടെന്ന അഹങ്കാരം ബിജെപിയുടെ അന്തകവിത്താകുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 400 സീറ്റുകള്‍ ഒരു ഘട്ടത്തില്‍ ലോക്‌സഭയില്‍ ഉണ്ടായിരുന്ന കാര്യവും മമതാ ബാനര്‍ജി ഓര്‍മിപ്പിച്ചു. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കുമെന്നും അതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം കൈവരിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പിലെ ത്രിണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട മുദ്രാവാക്യമായിരുന്ന ഖേല ഹോബെ എന്ന മുദ്രാവാക്യം മമത ബാനര്‍ജി പ്രസംഗത്തില്‍ ഉടനീളം ഉപയോഗിച്ചു. കളി തുടങ്ങി എന്നാണ് ഖേല ഹോബെ എന്ന ബംഗാളി പദത്തിന്‍റ അര്‍ഥം. നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിനെ മമതാബാനര്‍ജി പരിഹസിച്ചു. മോദിയുടെ മന്‍കി ബാത്ത് ഉടനെ അദ്ദേഹത്തിന്‍റെ മനസിന്‍റെ ദുഃഖമായിമാറുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

ABOUT THE AUTHOR

...view details