കേരളം

kerala

ETV Bharat / bharat

Opposition Unity | 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്?'; ഷിംല യോഗത്തിന് മുന്‍പ് പ്രതിപക്ഷ മുന്നണിയുടെ സാധ്യതാപേര് പുറത്ത് - പാട്രിയോട്ടിക്

ജൂലൈ 12ന് ഹിമാചലില്‍ അടുത്ത യോഗം ചേരാനിരിക്കെയാണ് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്' എന്നാവും പ്രതിപക്ഷ മുന്നണിയുടെ പേരെന്ന സൂചന പുറത്തുവരുന്നത്

Etv Bharat
Etv Bharat

By

Published : Jun 25, 2023, 8:17 PM IST

Updated : Jun 27, 2023, 10:24 PM IST

പട്‌ന: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒറ്റക്കെട്ടായുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള സജീവ നീക്കത്തിലാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. 17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച (ജൂണ്‍ 23) പട്‌നയിൽ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ മുന്നണിയുടെ പേര് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്' (Patriotic Democratic Alliance - പിഡിഎ) എന്നാവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വരുന്ന ജൂലൈ 12ന് ഹിമാചലില്‍ അടുത്ത യോഗം ചേരാനിരിക്കെയാണ് പേര് സംബന്ധിച്ച സൂചന ഇപ്പോള്‍ പുറത്തുവന്നത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിൽ വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ജനറൽ സെക്രട്ടറി ഡി രാജ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ) എന്ന പേരാണ് അദ്ദേഹം നിര്‍ദേശിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച ഷിംല യോഗത്തില്‍ ഈ പേര് ചര്‍ച്ച ചെയ്‌തേക്കും. ഈ സാഹചര്യത്തില്‍ പിഡിഎ എന്ന പേര് പ്രഖ്യാപിക്കാനാണ് സാധ്യത.

'തീരുമാനം ഒറ്റക്കെട്ടായി നില്‍ക്കാന്‍ തന്നെ..!':ബിജെപിക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് പട്‌നയില്‍ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ബിഹാറിലെ പട്‌നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഭിന്നതകൾ മറന്ന് ഒന്നിച്ച് നില്‍ക്കാനും ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാനും തീരുമാനമെടുത്തത്. ജൂലൈ രണ്ടാം വാരം ഷിംലയില്‍ വീണ്ടും യോഗം ചേരുമെന്നും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് യോഗത്തിലെ ധാരണ. ജൂണ്‍ 23ന് ഉച്ചതിരിഞ്ഞ് അവസാനിച്ച യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ചെറിയ വിയോജിപ്പുകൾക്കിടയിലും ഒന്നിച്ചുനില്‍ക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹൃദയം കൊണ്ട് ഐക്യം : എല്ലാ പ്രതിപക്ഷ നേതാക്കളും ഒറ്റക്കെട്ടാണെന്നും അടുത്തതായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ യോഗം ചേരുമെന്നും അവിടെ അജണ്ട തയ്യാറാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യോഗം നല്ലരീതിയില്‍ അവസാനിച്ചുവെന്നും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന അടുത്ത യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ ഐക്യത്തിനായി അക്ഷീണം പ്രയത്നിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

പട്‌നയില്‍ എന്ത് ആരംഭിച്ചാലും അത് ജനകീയ പ്രസ്‌ഥാനമായി മാറുമെന്നറിയിച്ചായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. തങ്ങൾ ഒറ്റക്കെട്ടാണ്, ഒരുമിച്ച് പോരാടും, രാജ്യത്തിന് വേണ്ടി പോരാടും എന്നീ മൂന്ന് കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചതായി അവര്‍ വ്യക്തമാക്കി. ബിജെപി രാജ്യത്തിന്‍റെ ചരിത്രം മാറ്റണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ചരിത്രം സംരക്ഷിക്കപ്പെടണമെന്ന് ബിഹാറില്‍ നിന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഫാസിസ്‌റ്റ് സർക്കാരിനെതിരെ സംസാരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Last Updated : Jun 27, 2023, 10:24 PM IST

ABOUT THE AUTHOR

...view details