പട്‌ന (ബിഹാര്‍) : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അതും പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് (ജെഡിയു). മറ്റ് പാർട്ടികൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു നല്ല തെരഞ്ഞെടുപ്പാണെന്ന് ജെഡിയു പ്രസിഡന്റ് ലാലൻ സിംഗ് (19.08.2022) വ്യക്തമാക്കി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിലാണ് നിതീഷിന്‍റെ ശ്രദ്ധ. ബിഹാർ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ശേഷം വിവിധ പാർട്ടികളിലെ നേതാക്കളെ കാണാൻ നിതീഷ് രാജ്യതലസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിഹാറിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ശരദ് പവാറും അരവിന്ദ് കെജ്‌രിവാളും ഉൾപ്പടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കൾ നിതീഷിനെ വിളിച്ച് അഭിനന്ദിച്ചതായും അദ്ദേഹം അറിയിച്ചു. മാത്രമല്ല, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള നേതൃത്വത്തെ സംബന്ധിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചിരുന്ന് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.