ന്യൂഡൽഹി :നീറ്റ് ഒഴിവാക്കൽ ബിൽ തിരിച്ചയച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (DMK), തൃണമൂൽ കോൺഗ്രസ് (TMC) ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ വെള്ളിയാഴ്‌ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറുന്നതിനുപകരം നിയമസഭാ സ്‌പീക്കർക്ക് തിരികെ നൽകിയ ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഗവർണറെ തിരിച്ചുവിളിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിൽ വ്യാഴാഴ്‌ച ഗവർണർ തിരിച്ചയച്ചിരുന്നു. ബിൽ ഗ്രാമീണ മേഖലയിലെയും സാമ്പത്തികമായി ദരിദ്രരായ വിദ്യാർഥികളുടെയും താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിഷയം സഭയിൽ ഉന്നയിച്ച ഡിഎംകെ എംപി തിരുച്ചി ശിവയും പാർട്ടി അംഗങ്ങളും, നീറ്റ് ഒഴിവാക്കൽ ബിൽ തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠേന പാസാക്കിയെന്നും ഗവർണറുടെ നടപടി സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും ആരോപിച്ചു. ഗവർണർ ആർഎൻ രവിയെ തിരിച്ചുവിളിക്കണമെന്നും ഡിഎംകെ അംഗങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ALSO READ: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ഗാന്ധി
ഡിഎംകെ അംഗങ്ങൾ വിഷയത്തിൽ ഉറച്ചുനിന്നെങ്കിലും രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു അവരെ സംസാരിക്കാൻ അനുവദിച്ചില്ല. അംഗങ്ങളുടെ അഭിപ്രായം പറയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും രംഗത്തുവന്നു.
എന്നിട്ടും ചെയർമാൻ സമ്മതിക്കാതെ വന്നതോടെ ഖാർഗെ വാക്കൗട്ട് നടത്തുകയായിരുന്നു. പിന്നാലെ കോൺഗ്രസ്, ഡിഎംകെ, ടിഎംസി അംഗങ്ങളും മറ്റ് പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തിൽ ഗവർണർ ആർഎൻ രവിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.