കേരളം

kerala

ETV Bharat / bharat

എൻസിപി പിളർന്നപ്പോൾ പോയത് പ്രതിപക്ഷത്തിന്‍റെ പവറോ: നേതൃത്വം ഏറ്റെടുത്ത് അടുത്ത യോഗ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് കോൺഗ്രസ് - എൻസിപി പിളർന്നു

ബെംഗളൂരുവില്‍ ജൂലായ് 17, 18 തീയതികളില്‍ പ്രതിപക്ഷ പാർട്ടികൾ വീണ്ടും യോഗം ചേരുമെന്ന് കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

opposition-parties-meeting-bengaluru
നേതൃത്വം ഏറ്റെടുത്ത് അടുത്ത യോഗ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് കോൺഗ്രസ്

By

Published : Jul 3, 2023, 4:10 PM IST

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിർത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം എന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് രണ്ടഭിപ്രായമില്ല. എന്നാല്‍ ഏതൊക്കെ പ്രതിപക്ഷ പാർട്ടികൾ പ്രതിപക്ഷ ഐക്യത്തിനൊപ്പം ഉണ്ടാകും എന്നതിലാണ് ഇപ്പോൾ ആശയക്കുഴപ്പം. കാരണം പ്രതിപക്ഷത്തെ ശക്തർ എന്ന് കരുതിയിരുന്നവരും ബിജെപിയെ അതി ശക്തമായി എതിർത്തിരുന്നവരില്‍ പലരും ഇന്ന് പ്രതിപക്ഷ സഖ്യത്തിലില്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നയിക്കുന്ന ബിആർഎസ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്‌മി പാർട്ടി എന്നിവരുടെ നിലപാട് എന്താണെന്ന് ആർക്കുമറിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

അതിനിടെയിലാണ് ഇന്നലെ മുംബൈയില്‍ നടന്ന അപ്രതീക്ഷിത നീക്കം പ്രതിപക്ഷ പാർട്ടികളുടെ ശക്തിയില്‍ മാത്രമല്ല, ഒത്തൊരുമയിലും കാര്യമായ ഉലച്ചില്‍ സൃഷ്‌ടിച്ചത്. ദീർഘനാളത്തെ കൂടിക്കാഴ്‌ചകൾക്കും ചർച്ചകൾക്കും ശേഷം ജൂൺ 23ന് പട്‌നയില്‍ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്.

യോഗത്തിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാൻ എല്ലാം മറന്ന് ഒന്നിക്കാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിയോജിപ്പുകൾ ഉണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും രാഹുല്‍ ഗാന്ധിയും മമത ബാനർജിയും ശരദ്‌പവാറും അടക്കമുള്ള നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മുൻപ് ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം പറഞ്ഞ് ആംആദ്‌മി പാർട്ടി വിമത ശബ്‌ദം ഉയർത്തിയെങ്കിലും ഐക്യമാണ് ഇപ്പോൾ വേണ്ടതെന്ന നിലപാടിലേക്ക് എല്ലാ പാർട്ടികളും എത്തിയതോടെ ആം ആദ്‌മി തെല്ലൊന്ന് അടങ്ങി. പക്ഷേ യോഗത്തിനെത്താതെ മാറി നിന്ന ബിആർഎസ് ഐക്യത്തിനില്ല എന്ന സൂചനയാണ് നല്‍കിയത്.

എല്ലാം മാറ്റിമറിച്ച ഞായറാഴ്‌ച: 02.07.23 ഞായറാഴ്ച എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകമായ ഒരു ദിവസമായിരിക്കും. കാരണം ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തില്‍ അതി ശക്തമായ വിള്ളല്‍ ഉണ്ടായത് ഈ ദിവസമാണ്.

2023 ജൂൺ 23ന് പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ ശരദ്‌പവാറിന്‍റെ എൻസിപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നേതാവാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍. അതിനെല്ലാമുപരി ഇപ്പോൾ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സംസാരിക്കുന്ന ശരദ്‌പവാറിന്‍റെ സന്തത സഹചാരിയും വിശ്വസ്തനുമായിരുന്നു പ്രഫുല്‍ പട്ടേല്‍. എൻസിപിയുടെ രൂപീകരണ കാലം മുതല്‍ പ്രാദേശിക നേതാവായി തുടങ്ങി ദേശീയ തലത്തില്‍ എൻസിപിയുടെ മുഖമായി മാറിയ പ്രഫുല്‍ പട്ടേല്‍ ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടുമെന്ന് വിചാരിച്ചിട്ടില്ലെന്നാണ് ശരദ്‌ പവാറും പറയുന്നത്.

അങ്ങനെയെങ്കില്‍ രണ്ടാഴ്‌ചയ്ക്കുള്ളില്‍ മനം മാറ്റം വന്ന് ബിജെപിക്ക് ഒപ്പം കൂട്ടുകൂടിയ പ്രഫുല്‍ പട്ടേലിനെ പോലെയുള്ളവരുമായി എങ്ങനെ ബിജെപിക്ക് എതിരായ പോരാട്ടത്തെ കുറിച്ച് ആലോചിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പുനർചിന്തനം നടത്തേണ്ടത്. പ്രഫുല്‍ പട്ടേലിനൊപ്പം പവാറിന്‍റെ വിശ്വസ്തരായ ഛഗൻ ഭുജ്ബല്‍, ദിലീപ് വല്‍സെ പട്ടേല്‍, അദിതി തത്‌ഖരെ എന്നിവരും എൻസിപി വിട്ടു.

ഉത്തർപ്രദേശ് കഴിഞ്ഞാല്‍ ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള മഹാരാഷ്ട്ര കൂടി കൈപ്പിടിയിലായതോടെ ബിജെപി കൂടുതല്‍ കരുത്താർജിക്കുകയും പ്രതിപക്ഷത്തെ നയിക്കാൻ തയ്യാറെടുത്തിരുന്ന എൻസിപി കൂടുതല്‍ ശോഷിക്കുകയുമാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ ശിവസേന, എൻസിപി എന്നിവയെ പിളർത്തിയതിലൂടെ ബിജെപി നേടിയത് വലിയ രാഷ്ട്രീയ വിജയമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രതിപക്ഷത്തെ നയിക്കാനൊരുങ്ങി കോൺഗ്രസ്: പ്രതിപക്ഷത്തെ നയിച്ച് പ്രധാനമന്ത്രിയാകുക എന്ന ലക്ഷ്യമാണ് മിക്ക പ്രതിപക്ഷ പാർട്ടികളുടേയും നേതാക്കൾ സ്വപ്‌നം കണ്ടിരുന്നത്. ടിആർഎസ് പേരുമാറ്റി ബിആർഎസ് ആയത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ സ്വപ്‌നം പ്രധാനമന്ത്രി പദമായതുകൊണ്ടാണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. തെലങ്കാനയില്‍ മുഖത്തോട് മുഖം പോരടിക്കുന്ന കോൺഗ്രസുമായി ഒരു തരത്തിലും ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് ബിആർഎസ് പ്രതിപക്ഷ മുന്നണിയുമായി ധാരണയിലെത്താത്തതും.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മമത ബാനർജി, അറവിന്ദ് കെജ്‌രിവാൾ എന്നിവരെല്ലാം പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ്. ഇക്കാര്യത്തില്‍ ഒരു തർക്കമുണ്ടായാല്‍ പ്രതിപക്ഷത്തിന്‍റെ നേതാവായി രംഗപ്രവേശം ചെയ്യാൻ ശരദ്‌പവാർ തയ്യാറുമാണ്. പക്ഷേ അതിനെയെല്ലാം തകിടം മറിക്കുന്നതാണ് കഴിഞ്ഞ ദിവസം എൻസിപിയിലുണ്ടായ പിളർപ്പ്. നെടുകെ പിളർന്ന ശരദ്‌പവാറിന്‍റെ എൻസിപി ഇപ്പോൾ മഹാരാഷ്ട്രയില്‍ ന്യൂനപക്ഷമാണ്. എത്ര എംഎല്‍എമാർ ഒപ്പമുണ്ട് എന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് എൻസിപി.

ഈ സാഹചര്യത്തില്‍ പതിവുപോലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനാണ് കോൺഗ്രസ് ഇപ്പോൾ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം നിന്ന കോൺഗ്രസ് ഇപ്പോൾ തനിയെ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിലേക്ക് വന്നിട്ടുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വിജയവും ഭാരത് ജോഡോ യാത്രയില്‍ അടക്കം രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ലഭിച്ച സ്വീകാര്യതയും കോൺഗ്രസിന് അനുകൂല ഘടകമാണ്.

ഒന്നിക്കാൻ വീണ്ടും യോഗം: ജൂൺ 23ലെ യോഗത്തിന് ശേഷം വീണ്ടും പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാല്‍ ബെംഗളൂരുവില്‍ ജൂലായ് 17, 18 തീയതികളില്‍ പ്രതിപക്ഷ പാർട്ടികൾ വീണ്ടും യോഗം ചേരുമെന്ന് കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details