ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്‌ച തുടങ്ങാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികള്‍ ഞായറാഴ്‌ച യോഗം ചേരും. കര്‍ഷക സമരം, സ്വകാര്യവല്‍കരണം, രാജ്യദ്രോഹ നിയമത്തിന്‍റെ സാധുത തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് മല്ലാകാര്‍ജുന്‍ ഖാഡ്ഗെ യോഗം വിളിച്ചിട്ടുണ്ടെന്ന് സിപിഎമ്മിന്‍റെ രാജ്യസഭ എംപി എളമരം കരീം അറിയിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന ചര്‍ച്ച വിഷയങ്ങള്‍
പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഉദ്ദേശിയ്ക്കുന്ന സ്വകാര്യതാവല്‍കരണം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഫെഡറിലിസത്തോടുള്ള സര്‍ക്കാരിന്‍റെ നിലപാട്, രാജ്യദ്രോഹ നിയമത്തെ കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.