ബെംഗളൂരു: കോണ്‍ഗ്രസിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന രണ്ടാം പ്രതിപക്ഷ ഐക്യ സമ്മേളനത്തില്‍ 26 പാര്‍ട്ടികളില്‍ നിന്നായി 46 നേതാക്കള്‍ പങ്കെടുക്കും. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടക്കുന്ന സമ്മേളനത്തിന്‍റെ നാളെ ചേരുന്ന സുപ്രധാന യോഗത്തില്‍ ആറ് കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.
യോഗം ഒറ്റനോട്ടത്തില്‍:ചൊവ്വാഴ്‌ച രാവിലെ 11 ന് ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആമുഖ പ്രസംഗം നടത്തും. തുടര്‍ന്ന് 11.30 ന് ആരംഭിക്കുന്ന യോഗത്തിലാവും ആറ് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കിടെ ഉച്ചക്ക ഒന്നിന് ഉച്ചഭക്ഷണത്തിനായി ഇടവേളയുണ്ടാകും. ഉച്ചഭക്ഷണ ഇടവേളയ്‌ക്ക് ശേഷം യോഗം തുടരും. തുടര്‍ന്ന് 2.30 ന് ഉപസമിതികള്‍ രൂപീകരിക്കും. മാത്രമല്ല സഖ്യത്തിന്‍റെ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ശേഷം മൂന്ന് മണിയോടെ യോഗം അവസാനിക്കും.
ആറ് സുപ്രധാന കാര്യങ്ങള്‍ ഇവ:
- പൊതുമിനിമം പരിപാടി ക്രോഡീകരിക്കുന്നതിനായി ഉപസമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച. (അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സഖ്യങ്ങളുടെ പാലമാകും ഈ ഉപസമിതികൾ. മാത്രമല്ല, സഖ്യ വികസനങ്ങൾക്കും പരസ്പരം ആശയവിനിമയം നടത്തുന്നതിനും ഉപസമിതി പ്രവർത്തിക്കും. രാജ്യത്തുടനീളം വലിയ റാലികൾ സംഘടിപ്പിക്കുക, എവിടെ കൺവൻഷനുകൾ നടത്തണം, കേന്ദ്ര സർക്കാരിനെതിരെ എങ്ങനെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണം തുടങ്ങി എല്ലാ പരിപാടികളും ഈ കമ്മിറ്റി കൈകാര്യം ചെയ്യും).
- പ്രതിപക്ഷ സഖ്യങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഗൗരവമായ ചർച്ച. (സംസ്ഥാനത്ത് ഏത് പാർട്ടി ശക്തമാണോ, ആ പാർട്ടിക്ക് കൂടുതൽ അംഗീകാരം ലഭിക്കും).
- നേതാക്കൾ അതത് സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യം വിശദീകരിക്കും.
- ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ തുടങ്ങിയ വിഷയങ്ങളിൽ ഒരു നീണ്ട ചർച്ച. (ചർച്ചയ്ക്കുശേഷം ചില നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിക്കും)
- പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ചർച്ച ചെയ്യും. (എല്ലാവരും അംഗീകരിച്ച പേരാവും യോഗത്തിൽ ചർച്ച ചെയ്യുക)
- പിന്നീട്, സഖ്യത്തെ നയിക്കാൻ ഒരു കോർഡിനേറ്ററെ നിയമിക്കും.
പങ്കെടുക്കുന്ന നേതാക്കള്‍ ഇവര്‍:എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിഹാർ ഡിസിഎം തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്. സീതാറാം യച്ചൂരി, ഡി.രാജ, മെഹബൂബ മുഫ്തി തുടങ്ങി 46 ലധികം നേതാക്കൾ നാളത്തെ യോഗത്തില്‍ പങ്കെടുക്കും.