ന്യൂഡല്‍ഹി : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യില്‍ ഉള്‍പ്പെടുന്ന എംപിമാര്‍ ഇന്ന് (ജൂലൈ 27) കറുത്ത വസ്‌ത്രം ധരിച്ച് പാർലമെന്‍റിൽ എത്തും. മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പാർലമെന്‍റിൽ പ്രസ്‌താവന നടത്താത്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലുസീവ് അലയൻസിലെ (ഇന്ത്യ) എല്ലാ എംപിമാരും കറുത്ത വസ്‌ത്രം ധരിച്ച് പാര്‍ലമെന്‍റില്‍ എത്താന്‍ തീരുമാനിച്ചതെന്ന് എംപിമാര്‍ അറിയിച്ചു.
പ്രതിപക്ഷ സഖ്യത്തിന് വേണ്ടി കോൺഗ്രസ്, കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസ് ലോക്‌സഭ സ്‌പീക്കർ ഓം ബിർള ബുധനാഴ്‌ച (ജൂലൈ 26) അംഗീകരിച്ചിരുന്നു. എല്ലാ പാർട്ടി നേതാക്കളുമായും ആലോചിച്ച ശേഷം പ്രമേയ ചർച്ചയ്ക്കുള്ള തീയതി തീരുമാനിക്കുമെന്നാണ് ഓം ബിർള വ്യക്തമാക്കിയത്.
വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പ്രതിപക്ഷം പലപ്പോഴും കറുത്ത വസ്‌ത്രം ധരിച്ച് പാര്‍ലമെന്‍റില്‍ എത്താറുണ്ട്. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് മുമ്പ് പാർലമെന്‍റിൽ പ്രധാനമന്ത്രി മോദി പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും ട്രഷറി ബെഞ്ച് അംഗങ്ങളും വഴങ്ങാതിരുന്നതോടെ ഇരുസഭകളിലും തർക്കം നിലനിന്നിരുന്നു. ജൂലൈ 20 ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ മൺസൂൺ സെഷൻ ഓഗസ്റ്റ് 11 ന് അവസാനിക്കും.
മെയ് 3 നാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സംസ്ഥാനത്ത് 160 ലധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് മണിപ്പൂരില്‍ നിന്ന് പലായനം ചെയ്‌തത്.