കൊൽക്കത്ത :വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നിര്‍ണായക നീക്കത്തിലാണ് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍. ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷകളുയര്‍ത്തുന്ന വിലയിരുത്തലുകള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. എന്നാല്‍, ഒപ്പം 'ആശങ്കകളും' പുറത്തുവരുന്നുണ്ട്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മില്‍ പഴയ അടുപ്പത്തിലേക്ക് എത്തുമോ, നിര്‍ണായകമായ പ്രതിപക്ഷ ഐക്യത്തിന് ഇത് സഹായകരമാവുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച സജീവമാണ്.
ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ മമതയും സോണിയയും പങ്കെടുക്കാന്‍ എത്തിയതോടെയാണ് ആശങ്കകള്‍ അടക്കം പങ്കുവയ്‌ക്കുന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്. ഈ സാഹചര്യത്തില്‍, ദേശീയതലത്തിൽ സഖ്യമുണ്ടാക്കുന്നതിൽ ഇരുവരും തമ്മിലുള്ള ബന്ധം അനുകൂലമാവുമോ പ്രതികൂലമാവുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രാജ്യത്തെ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യവും ഇത് തന്നെയാണ്. 2021ലെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ ബിജെപി വിരുദ്ധ ശക്തികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സജീവ നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവായ മമത ബാനർജി.
ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ സീറ്റിലും യോജിച്ച തീരുമാനത്തില്‍ എതിരാളികള്‍ക്കെതിരെ ഒരു സ്ഥാനാർഥിയെ മാത്രം നിർത്തേണ്ടതുണ്ട്. ഇങ്ങനെയല്ലാതെ വിജയം സാധ്യമല്ലെന്ന് മമത ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മമത ബാനർജിയുടെ ബിജെപി വിരുദ്ധ ഉദ്യമത്തിന് പല തടസങ്ങളും നേരിടേണ്ടി വന്നു. ഒരു വശത്ത്, സോണിയ ഗാന്ധിയുടെ അസുഖവും മറുവശത്ത് ഗോവ, അസം, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ത്രിവര്‍ണ പാര്‍ട്ടിയെ തകർത്ത് ശക്തിയാര്‍ജിക്കാനുള്ള തൃണമൂലിന്‍റെ ശ്രമവും. ഇത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്‌ട്രീയ പാർട്ടിയുമായുള്ള സംഘർഷം വർധിപ്പിക്കാനിടയാക്കി.
'പ്രാഥമിക ലക്ഷ്യം, ബിജെപിയെ പരാജയപ്പെടുത്തുക':2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക സഖ്യത്തിന് ശക്തമായ അടിത്തറ പാകാൻ സോണിയ ഗാന്ധിയും മമത ബാനർജിയും ഒരൊറ്റ വേദിയിൽ എത്തുന്നതോടെ കഴിയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം. നിലവിലെ സാഹചര്യത്തിൽ മമത ബാനർജിയുടെയും സോണിയ ഗാന്ധിയുടെയും സമവാക്യം വളരെ പ്രധാനമാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ക്രിയാത്മകമായ ചില തീരുമാനങ്ങൾ ഈ ഘട്ടത്തിൽ അവര്‍ക്ക് എടുക്കാനാകുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് എഐസിസി അംഗം ശുഭാങ്കർ സർക്കാർ മാധ്യമങ്ങളോട് അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് എല്ലാവരും ഈ യോഗത്തിലേക്ക് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃണമൂൽ കോൺഗ്രസ് വക്താവ് തപസ് റോയിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. 'ഇപ്പോൾ ദേശീയ രാഷ്‌ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് മമത ബാനർജി. പ്രതിപക്ഷം ഒന്നിച്ചുനിന്ന് പോരാടേണ്ടതുണ്ട്. ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ മമതയും സോണിയയും ഒന്നിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ കൂടിക്കാഴ്‌ച ബിജെപി വിരുദ്ധ പോരാട്ടത്തിലെ ഒരു നാഴികക്കല്ലായിരിക്കും' - തപസ് റോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.