ബെംഗളൂരു :2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനിടെ രണ്ടാം യോഗത്തിന് മുമ്പ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ശക്തിക്കെതിരെ പോരാടാന്‍ ബിജെപിയുടെ ആക്കം നഷ്‌ടപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ശബ്‌ദം ഇല്ലാതാക്കാന്‍ അവര്‍ ഏജൻസികളെ ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെ സ്വരം കടുപ്പിച്ച് : ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടനാപരമായ അവകാശങ്ങളും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനുമാണ് നാമെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുന്നത്. ഇതെല്ലാം ബിജെപി സർക്കാരിന്‍റെ നിലവിലെ ഭരണത്തില്‍ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ശബ്‌ദത്തെ ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ഇത് പകപോക്കൽ രാഷ്ട്രീയമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷ ശബ്‌ദം അടിച്ചമർത്താൻ ഏജൻസികളെ അവർ ദുരുപയോഗം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മഹാരാഷ്‌ട്രയിൽ നടന്നതും ഇതിന്‍റെ ദൃഷ്ടാന്തമാണ് - സംയുക്ത പ്രതിപക്ഷ യോഗത്തിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
മോദിക്കും ബിജെപിക്കും പരിഹാസം : പ്രതിപക്ഷ പാർട്ടികളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമാന ചിന്താഗതിയുള്ള പാർട്ടികള്‍ക്കായി തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നറിയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും നരേന്ദ്രമോദിയെ പരിഹസിച്ചു. പട്‌നയിലെ പ്രതിപക്ഷ യോഗത്തിന് ശേഷം പ്രധാനമന്ത്രി പെട്ടെന്ന് എൻഡിഎയെക്കുറിച്ച് ചിന്തിച്ചു. എന്‍ഡിഎയ്ക്ക് പുതുജീവന്‍ പകരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാളെ തന്നെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടെന്നും ഇത് പട്‌നയിലെ മീറ്റിങ്ങിന്‍റെ ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂവി തോല്‍പ്പിക്കാന്‍ ബിജെപി:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷത്തിന്‍റെ യോഗങ്ങളെ വിമര്‍ശിക്കുന്നതിനും, യോഗം വിജയമാണെന്ന അവകാശവാദങ്ങളെ തോല്‍പ്പിക്കുന്നതിനുമുള്ള മറുവാദങ്ങളും തയ്യാറാക്കുന്ന തിരക്കിലുമാണ് ബിജെപി കേന്ദ്രങ്ങള്‍. ഇതിന്‍റെ ഉദാഹരണമാണ്, ജൂണ്‍ 23 ന് പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയില്‍ നടന്ന യോഗത്തിനെതിരെ, ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുന്ന അഴിമതിക്കാരായ നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണമെത്തിയത്.
വരനെ വ്യക്തമാക്കണം : എന്നാല്‍ നിതീഷ് കുമാറിന്‍റെ വസതിയില്‍ നടന്ന യോഗമായതിനാല്‍ തന്നെ ആ വിവാഹ ഘോഷയാത്രയില്‍ വരന്‍ ആരായിരുന്നുവെന്ന് വ്യക്തമാക്കണമെന്നായിരുന്നു ബിജെപി എംപിയും മുന്‍ കേന്ദ്ര വാർത്താവിനിമയ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്‍റെ പരിഹാസം. 2024ലെ തെരഞ്ഞെടുപ്പിനായി പട്‌നയിൽ നിതീഷ് കുമാർ ഒരു ഘോഷയാത്ര നടത്തുകയാണെന്നും ആരാണ് ആ ഘോഷയാത്രയിലെ വരനെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരും പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നവരാണ് എന്നതാണ് പ്രശ്‌നമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിതീഷും കെജ്‌രിവാളും ഒരുമിച്ചാണ് അവരുടെ അജണ്ട നടപ്പിലാക്കുന്നതെന്നും ഇതുതന്നെയാണ് രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
മാത്രമല്ല പ്രതിപക്ഷ യോഗത്തിനെതിരെ ബിജെപി എംപി സുശീല്‍ മോദിയും അന്നേദിവസം രംഗത്തെത്തിയിരുന്നു. നിതീഷ്‌ജി ഇത്തരമൊരു എഴുന്നള്ളത്ത് സംഘടിപ്പിച്ചതില്‍ എല്ലാ വരന്മാരുമുണ്ടെന്നും എന്നാല്‍ അവരെല്ലാം അവരവരുടെ അജണ്ട നടപ്പിലാക്കുന്ന തിരക്കിലാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. അവരെല്ലാം ഹസ്‌തദാനം ചെയ്‌തേക്കാമെന്നും എന്നാല്‍ ഹൃദയങ്ങള്‍ തമ്മില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജി കോൺഗ്രസുമായി വിട്ടുവീഴ്ച ചെയ്യുമോയെന്നും പശ്ചിമ ബംഗാളിൽ മമത അവരുടെ സീറ്റ് കോൺഗ്രസിന് വേണ്ടി വിട്ടുനൽകുമോയെന്നും സുശീല്‍ മോദി ഒളിയമ്പെറിയുകയും ചെയ്‌തിരുന്നു.