ന്യൂഡൽഹി :മോദി സമുദായത്തെക്കുറിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'രാജ്യത്തെ എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി കൂടിയുണ്ട്' എന്ന പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമായിരുന്നു ശിക്ഷ. അതിന് ശേഷം രാഹുലിന് ജാമ്യവും അനുവദിച്ചു. 'എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതം' എന്നായിരുന്നു കോടതി വിധിക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നാണ് കോടതി വിധിക്കെതിരെ പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. സർക്കാർ സംവിധാനത്തെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ശബ്‌ദം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്‍റെ സഹോദരൻ രാഹുൽ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടില്ല. രാഹുൽ എപ്പോഴും സത്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്.
അത് തുടർന്നുകൊണ്ടിരിക്കും. രാഹുൽ തന്‍റെ നാട്ടുകാരോടൊപ്പം നിൽക്കും, കാരണം സത്യത്തിന്‍റെ ശക്തിയും നാട്ടുകാരുടെ സ്നേഹവും എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാകും, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ജുഡീഷ്യറിയിൽ വിശ്വസിക്കുന്നുവെന്നും നിയമപരമായ വഴി സ്വീകരിച്ച് ഉത്തരവിനെതിരെ പോരാടുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.
ജനാധിപത്യം അപകടത്തിലാണ് : നരേന്ദ്ര മോദി സർക്കാർ മാധ്യമങ്ങളെ അടിച്ചമർത്താനും ജുഡീഷ്യറിയെ സ്വാധീനിക്കാനും ശ്രമം നടത്തുകയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പറഞ്ഞു. ഇതുവഴി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.