പട്‌ന: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഐക്യമുന്നണിയെന്ന ലക്ഷ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് പട്‌നയില്‍. ഇരുപതിലേറെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയില്‍ രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിക്കുക. ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷ സർക്കാരിനെ അട്ടിമറിച്ച ജയപ്രകാശ് നാരായണന്‍റെ 1974-ലെ സമ്പൂർണ വിപ്ലവത്തിന്‍റെ ആഹ്വാനത്തെ പ്രതിനിധീകരിച്ചാണ് യോഗത്തിനായി പ്രതിപക്ഷം ബിഹാര്‍ തെരഞ്ഞെടുത്തത്.
ഒന്നിക്കാൻ പ്രതിപക്ഷം:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുള്ള ഇടങ്ങളില്‍ പൊതു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറാണ് യോഗം വിളിച്ചത്. ബിജെപിയെ എതിർക്കുന്ന മുഴുവന്‍ പാർട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് നിതീഷ് കുമാർ പറയുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പിഡിപി നേതാവ് മെഹബൂബ മുഫ്‌തി തുടങ്ങിയ നേതാക്കൾ യോഗത്തിനായി നേരത്തെ പട്‌നയിൽ എത്തിയിരുന്നു. നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാൻ നേരത്തെ തീരുമാനിച്ച കുടുംബ പരിപാടി ഒഴിവാക്കിയെന്ന് രാഷ്‌ട്രീയ ലോക്‌ദൾ (ആർഎൽഡി) പ്രസിഡന്‍റ് ജയന്ത്ചൗധരി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്‍റെ പാതയിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഈ കൂടിക്കാഴ്‌ചയെന്നും ചൗധരി പറഞ്ഞു.