ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയും, കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച ചര്‍ച്ചയും രണ്ടായി നടത്തണമെന്ന് പ്രതിപക്ഷം. ആവശ്യമുന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറെ കണ്ടു. സര്‍ക്കാര്‍ - പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും ലോക്‌സഭ നീട്ടിവച്ചിരുന്നു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ച ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കൊപ്പം കാര്‍ഷിക നിയമ വിഷയം ചര്‍ച്ച ചെയ്യാനില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്ന് സ്‌പീക്കറെ അറിയിച്ചിട്ടുണ്ടെന്ന് ടിഎംസി നേതാവ് സൗഗതാ റോയ് പറഞ്ഞു. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സൗഗതാ റോയ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് സ്‌പീക്കറോട് പ്രതിപക്ഷം - കാര്‍ഷിക നിയമം
വിഷയത്തില്‍ സ്‌പീക്കര്‍ക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷം.
കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തിയില്‍ പുരോഗമിക്കുകയാണ്. നിയമങ്ങള്‍ പൂര്‍ണമായും പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. പത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ ഗാസിപ്പൂര്‍ അതിര്‍ത്തി സന്ദര്‍ശിച്ചതായി എൻസിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു.
"ഞങ്ങൾ അവിടെ കണ്ട കാര്യങ്ങൾ ആശങ്കാജനകമായിരുന്നു. കർഷകരെ കാണാൻ മാത്രമാണ് ഞങ്ങൾ അവിടേക്ക് പോയത് പക്ഷേ ഞങ്ങള്‍ക്ക് അനുമതി ലഭിച്ചില്ല. അവിടുത്തെ അന്തരീക്ഷം രാജ്യത്തിന്‍റെ താൽപ്പര്യത്തിനുതകുന്നതല്ല. പ്രശ്നപരിഹാരം അടിയന്തരമായ ഉണ്ടാകേണ്ടതാണെന്നും സുപ്രിയ സുലെ പറഞ്ഞു. പ്രത്യേക ചർച്ച നടത്തണമെന്ന ആവശ്യത്തോട് സർക്കാർ യോജിക്കണമെന്ന് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.