ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് സിങ് മന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജമ്മു കശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്‌ദുള്ള ഉള്‍പ്പടെയുള്ള ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചത്. പ്രതിപക്ഷ നേതാക്കൾക്കെതിരായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് വഴി രാജ്യം ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിയിരിക്കുന്നുവെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കി.
പ്രതിഷേധ കത്ത്:മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെ ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് എന്നറിയിച്ച് ആം ആദ്‌മി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കത്ത് പുറത്തുവിട്ടത്. മനീഷ് സിസോദിയയുടെ അറസ്‌റ്റ് ലോകമെമ്പാടും ഒരു രാഷ്‌ട്രീയ വേട്ടയാടലിന്‍റെ ഉദാഹരണമായി ഉദ്ദരിക്കപ്പെടുമെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ബിജെപിയുടെ സ്വേച്ഛാധിപത്യത്തിന് കീഴില്‍ ഭീഷണിയിലാണെന്ന് ലോകം സംശയിക്കുന്നത് ഒന്നുകൂടി സ്ഥിരീകരിക്കപ്പെടുമെന്നും ആം ആദ്‌മി ട്വിറ്ററില്‍ കുറിച്ചു.
കത്തിലെ 'കുത്ത്': നീണ്ട വേട്ടയാടലിനൊടുവിലാണ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ 'തീര്‍ത്തും അടിസ്ഥാനരഹിതം' ആണെന്നും, 'രാഷ്‌ട്രീയ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്നും' പ്രതിപക്ഷ നിരയിലെ നേതാക്കള്‍ കത്തില്‍ പറയുന്നു. കൂടാതെ പ്രതിപക്ഷ നിര വിട്ട് ബിജെപിയില്‍ ചേര്‍ന്നവരുടെ കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ സ്വയം ഇല്ലാതാക്കി കളയുന്നതായും ഇവര്‍ കത്തില്‍ അഭിപ്രായപ്പെട്ടു. ശാരദ ചിട്ടി ഫണ്ട് അഴിമതിയിൽ 2014ലും 2015ലും അന്വേഷണം നേരിട്ട നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, നാരദ സ്‌റ്റിങ് ഓപറേഷന്‍ കേസില്‍ അന്വേഷണം നേരിട്ട പശ്ചിമ ബംഗാളില്‍ നിന്നുള്ള സുവേന്ദു അധികാരി, മുകുള്‍ റോയി എന്നിവരും മഹാരാഷ്‌ട്രയില്‍ നിന്നുള്ള നാരായണ്‍ റാണെ എന്നിവരെല്ലാം രക്ഷപ്പെട്ടത് ഇങ്ങനെയാണെന്നും നേതാക്കള്‍ കത്തില്‍ ഉദാഹരണം നിരത്തുന്നുണ്ട്.