മുംബൈ : ശരദ് പവാറിന്‍റെ അപ്രതീക്ഷിത രാജിയ്‌ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ മകളും എൻസിപി ലോക്‌സഭ അംഗവുമായ സുപ്രിയ സുലെയെ ഫോണിൽ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ. എൻസിപിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് സുപ്രിയയുമായി ബന്ധപ്പെട്ടത്. ഒഴിഞ്ഞ് കിടക്കുന്ന എൻസിപി നേതൃസ്ഥാനം ആര് ഏറ്റെടുക്കും എന്ന വിവരം ഇതുവരെയും പാർട്ടി വ്യക്തമാക്കിയിട്ടില്ല.
മറനീക്കി സുപ്രിയ സുലെ :നേതൃസ്ഥാനം ആര് ഏറ്റെടുക്കുമെന്നതില്‍ വ്യക്തതയില്ലാത്ത അവസരത്തിലാണ് സുപ്രിയ സുലെയ്‌ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ എത്തിയത്. രാഹുൽ ഗാന്ധി സുപ്രിയയുമായി എൻസിപിയുടെ ഭാവി നടപടികളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയതായാണ് വിവരം. ശരദ് പവാറിന്‍റെ രാജിയിൽ ആദ്യം പാർട്ടി നേതാക്കളും പ്രവർത്തകരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് രാജി അംഗീകരിച്ചതോടെയാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയയുടെ പേര് തെളിഞ്ഞുവന്നത്.
also read :'ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ': വിനേഷ് ഫോഗട്ട്; ഗുസ്‌തി താരങ്ങളുടെ സമര പന്തലിൽ പൊലീസ് അതിക്രമം
ചൊവ്വാഴ്‌ച നടന്ന ആത്മകഥ രണ്ടാം പതിപ്പിന്‍റെ പ്രകാശനത്തിനിടെയാണ് പവാർ രാജി പ്രഖ്യാപനം നടത്തിയത്. ശേഷം പാർട്ടി തുടർനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന നേതാക്കളുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടി യോഗങ്ങൾ നടക്കുകയാണ്.