ന്യൂഡല്‍ഹി:പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക യോഗം ചേരും. രാവിലെ 9.30 ന് ആരംഭിക്കുന്ന യോഗത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ പാര്‍ട്ടികളുടെ കക്ഷിനേതാക്കള്‍ പങ്കെടുക്കും. അദാനി വിഷയത്തില്‍ ഉള്‍പ്പടെ സ്വീകരിക്കേണ്ട സമരതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനാണ് പ്രത്യേക യോഗം.
സമരതന്ത്രങ്ങള്‍ ചര്‍ച്ചയാകും, പാര്‍ലമെന്‍റില്‍ നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രത്യേക യോഗം - ഹിൻഡൻബർഗ്
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ പാര്‍ട്ടികളുടെ കക്ഷി നേതാക്കള്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ രാവിലെ 9.30നാണ് പാര്‍ലമെന്‍റ് വളപ്പില്‍ ചേരുന്നത്.
യോഗത്തിന് പിന്നാലെ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ് തുടര്‍ച്ചയായ രണ്ടാം ദിനവും സ്‌തംഭിച്ചിരുന്നു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എല്‍ഐസി, എസ്‌ബിഐ എന്നിവ മുഖേന ആയിരക്കണക്കിന് കോടികളുടെ പൊതുപണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. അദാനി ഓഹരികള്‍ക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി, അല്ലെങ്കില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. അതേസമയം അദാനി-ഹിൻഡൻബർഗ് തർക്കത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി പ്രതിപക്ഷം വലിച്ചിഴയ്‌ക്കുകയാണെന്നാണ് ബിജെപി എംപിമാരുടെ നിലപാട്.