ന്യൂഡല്‍ഹി :രാഹുല്‍ ഗാന്ധിക്കെതിരായ അനുചിതമായ പ്രതികരണങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ 'രാഹുല്‍ പരാജയം, പ്രതിപക്ഷ മുഖമായി മമത' എന്ന് അവകാശപ്പെടുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലുള്ള പരാമര്‍ശങ്ങളാണ് ലേഖനത്തിലുള്ളത്. ബിജെപിയെ നേരിടുന്നതില്‍ രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമാണെന്ന് ലേഖനം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്‍റെ ഐക്യത്തെ തകര്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. കൂടാതെ മമത ബാനര്‍ജിയെ പ്രതിപക്ഷത്തിന്‍റെ മുഖമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു.
രാഹുലിനെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനം
രാഹുലിനെതിരായ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് കടുത്ത വിയോജിപ്പാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ബിജെപിക്കെതിരെ വലിയ ചെറുത്തുനില്‍പ്പാണ് നടക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. മമത ബാനര്‍ജി ഇപ്പോള്‍ ചെയ്യേണ്ടത് പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയാണ്.
എന്നാല്‍ രാഹുല്‍ ഗാന്ധിയെ തരം താഴ്ത്താനാണ് മമത ശ്രമിക്കുന്നത്. എന്നാല്‍ ബംഗാളില്‍ ബിജെപിക്കെതിരെ ടിഎംസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഇക്കാര്യത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ നിലപാടില്‍ പ്രതികരിച്ച് ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വവും
ഇത്തരം ലേഖനങ്ങള്‍ പാര്‍ട്ടികളുടെ മുഖപത്രത്തില്‍ വരുന്നത് വലിയ രീതിയിലുള്ള വിയോജിപ്പുകള്‍ക്ക് കാരണമാകുമെന്ന് ലോക്‌സഭയിലെ കോൺഗ്രസ് നേതാവും പാർട്ടിയുടെ പശ്ചിമബംഗാൾ അധ്യക്ഷനുമായ ആധിര്‍ രഞ്ജൻ ചൗധരി പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം മറ്റ് പാര്‍ട്ടികളും കൂടിച്ചേര്‍ന്ന് പ്രതിപക്ഷ ഐക്യം ശക്തമായി നടപ്പാക്കണം. ബിജെപിക്ക് എതിരായ പ്രവര്‍ത്തനത്തില്‍ സമാന ചിന്താഗതിയുള്ള സംഘടനകള്‍ ഒന്നിച്ച് നീങ്ങാന്‍ നേരത്തേ തിരുമാനിച്ചിരുന്നു. ഇത് നിലനില്‍ക്കെ ഇത്തരം ലേഖനങ്ങള്‍ വരുന്നത് പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനെതിരായാണ് നിലവില്‍ തൃണമൂല്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെല്ലാമെന്ന് തിരുമാനിക്കണമെന്ന് പ്രതീപ് ഭട്ടാചാര്യ
തങ്ങളുടെ സഖ്യകക്ഷികള്‍ ആരെല്ലാമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തീരുമാനിക്കണമെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രതീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു. 2014ലും 2019ലും നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന ടിഎംസി വക്താവിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്ത് പ്രതിപക്ഷമുഖമായി ഉയര്‍ന്നുവന്ന മമത ബാനര്‍ജി വിജയം കൊയ്തുവന്നും തൃണമൂല്‍ നേതാവ് പറഞ്ഞിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പോടെ രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ മുഖമായി മമത ബാനര്‍ജി മാറിക്കഴിഞ്ഞു.
അതിനാല്‍ പ്രതിപക്ഷ കക്ഷികളെ ചേര്‍ത്ത് കേന്ദ്രത്തിനെതിരെ ബദല്‍ ശക്തിയായി നില്‍ക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും തൃണമൂല്‍ നോതാക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ നേതാക്കളുടെ ഇത്തരം പരാമര്‍ശത്തോട് കോണ്‍ഗ്രസ് വിയോജിക്കുന്നുവെന്ന് ഭട്ടാചാര്യ പ്രതികരിച്ചു.