ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭ നടപടികൾ ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ തടസ്സം സൃഷ്‌ടിച്ചതിനാൽ ചൗധരിയെ സസ്‌പെൻഡ് ചെയ്യാൻ പ്രഹ്‌ളാദ് ജോഷി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ശബ്‌ദ വോട്ടോടു കൂടിയാണു പ്രമേയം പാസാക്കിയത്.
ചൗധരിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോക്‌സഭ സ്‌പീക്കറുടെ ചായ സൽക്കാരവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മൺസൂൺ കാലത്തെ സമാപന സമ്മേളനം ആയിരുന്നു വെള്ളിയാഴ്‌ച കഴിഞ്ഞത്. 'ബഹുമാനപ്പെട്ട സ്പീക്കർ നൽകുന്ന ചായ സത്‌കാരത്തില്‍ ഞങ്ങൾ പങ്കെടുക്കില്ല. 23 പാർട്ടികളിൽ നിന്നുള്ള 142 എംപിമാർ സമ്മേളനം ബഹിഷ്‌കരിച്ചു.' കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ സമ്മേളനം ബഹിഷ്‌കരിച്ചതിനെ കുറിച്ചു ട്വിറ്ററിൽ പറഞ്ഞു.