ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവിലവര്‍ധനവില്‍ ലോക്‌സഭയില്‍ പ്രതിഷേധം. കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്ന് പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 പൈസ വീതം വർധിപ്പിച്ചു, കഴിഞ്ഞ 10 ദിവസത്തിനിടെ ആകെ 6.40 രൂപയാണ് ഇവയ്‌ക്ക് കൂടിയത്.
സഭ സമ്മേളിച്ചയുടന്‍ ഇന്ധനവിലവര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നീതി തേടി പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ വിഷയം ഉന്നയിക്കാന്‍ മുന്‍പ് അവസരം നല്‍കിയിട്ടുണ്ടെന്നും അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ പോയി സഭ നടപടികളില്‍ പങ്കെടുക്കണമെന്നും സ്‌പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെടുകയായിരുന്നു.