ലഖ്‌നൗ : 2022 ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രത്യേക പരിപാടികളുമായി കോണ്‍ഗ്രസ്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പാർട്ടി പ്രവർത്തകര്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിർദേശം നല്‍കി.
ലഖ്‌നൗവിലെയും മഥുരയിലെയും പാർട്ടി പ്രവർത്തകരുടെ രണ്ട് ദിവസത്തെ പരിശീലന പരിപാടിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഉത്തർപ്രദേശിന്‍റെ പ്രത്യേക ചുമതലയുള്ള പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌തത്.
പ്രതിഷേധങ്ങള്‍ ആരംഭിക്കാൻ നിർദേശം
പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ധന വില വർധനവ്, പാചക വാതക വില വർധനവ് എന്നിവയ്‌ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം നടത്തണമെന്നും പ്രിയങ്ക ഗാന്ധി നിർദേശിച്ചു.
also read:'മിഷൻ യുപി' ശക്തിപ്പെടുത്തും: പ്രിയങ്ക ഗാന്ധി
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കേണ്ടതുണ്ട്. പണപ്പെരുപ്പം കാരണം ആളുകൾ വലിയ പ്രതിസന്ധിയിലാണ്, സർക്കാർ ജോലി നല്‍കുന്നതില്‍ അഴിമതി വ്യാപിക്കുന്നു. അർഹതയുള്ളവർ ജോലി തേടി അലയുകയാണ്.
റാങ്ക് ലിസ്റ്റിലുള്ള നിരവധി പേർ നിയമനം തേടി അലയുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബൂത്തുകൾ നവീകരിക്കുന്നതിനും സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതിനും പാർട്ടി പ്രവർത്തകർ മുൻഗണന നല്‍കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പ്രവർത്തകർക്ക് അഭിനന്ദനം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കെടുത്ത പാർട്ടി പ്രവർത്തകരെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. കുടിയേറ്റ തൊഴിലാളികളെ സഹായിക്കുകയും, ഓക്സിജൻ സിലിണ്ടറുകൾ, കോൺസൻട്രേറ്ററുകൾ, മെഡിക്കൽ കിറ്റുകൾ, റേഷൻ കിറ്റുകൾ എന്നിവ എത്തിച്ചുനൽകുകയും ചെയ്തതിന് നന്ദി അറിയിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ കോണ്‍ഗ്രസ് എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഇത് തുടരണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.