ബെംഗളൂരു: രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കർണാടക. പല കാലങ്ങളിലായി വിവിധ രാഷ്‌ട്രീയ പാർട്ടികൾ അടക്കിവാണ നാട്. ഒരു കാലത്ത് കര്‍ണാടകയില്‍, താരതമ്യേനെ ചെറിയ പ്രതിപക്ഷ പാർട്ടിയായിരുന്നു ബിജെപി. എന്നാല്‍, കാര്യങ്ങള്‍ ഇന്ന് അങ്ങനെയല്ല.
കര്‍ണാടകയില്‍ പ്രബല രാഷ്‌ട്രീയ പാര്‍ട്ടിയായി മാറാന്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 1983ൽ, സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിലും 1994ൽ ജനതാദൾ 115 സീറ്റുമായി സർക്കാർ രൂപീകരിക്കുന്നതുവരെ പ്രതിപക്ഷത്ത് തുടരേണ്ടിവന്നു. ആ കാലത്ത് കോൺഗ്രസിന് 34, ബിജെപിക്ക് 40 എന്നിങ്ങനെ സീറ്റുകള്‍ മാത്രമാണ് നേടാനായത്. 1999ലും മറിച്ചൊരു ജനവിധി ഉണ്ടായില്ല. അക്കാലത്ത് 44 സീറ്റുകളാണ് താമര പാര്‍ട്ടിക്ക് ലഭിച്ചത്.
യെദ്യൂരപ്പയുടെ കിനാവും, കുമാരസ്വാമിയുടെ വാശിയും:2004ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് കർണാടകയിൽ ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിച്ചത്. 79 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് കഴിഞ്ഞു. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായതിനാല്‍ കാവിപ്പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. എന്‍ ധരംസിങ് മുഖ്യമന്ത്രിയും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരാണ് അന്ന് അധികാരത്തില്‍ ഉണ്ടായിരുന്നത്.
2006ൽ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജെഡി(എസ്) വിട്ടു. ഇതോടെ, ജെഡി(എസ്) പാര്‍ട്ടിയിലെ വലിയൊരു സംഘം കോൺഗ്രസുമായുള്ള ബന്ധവും വിട്ടു. ഇത്, എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ബിജെപിയുമായി ചേർന്നുള്ള പുതിയ സഖ്യസർക്കാര്‍ രൂപീകരിക്കുന്നതിലേക്ക് വഴിവച്ചു. അങ്ങനെ, സംസ്ഥാനത്ത് ആദ്യമായി ബിജെപി പ്രതിപക്ഷ നിരയിൽ നിന്നും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായി മാറി.
ഇതോടെ, തനിക്കും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാമെന്ന് യെദ്യൂരപ്പ പകല്‍ക്കിനാവ് കണ്ടിരുന്നു. എന്നാല്‍, ഈ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ 2007 ഒക്‌ടോബറിൽ കുമാരസ്വാമി വിസമ്മതിച്ചു. ജെഡിഎസ് നീക്കത്തിനെതിരായി യെദ്യൂരപ്പയും ബിജെപി മന്ത്രിമാരും രാജിവച്ചു. സഖ്യസർക്കാരിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് കർണാടകയിൽ രാഷ്‌ട്രപതി ഭരണമായി.
2007 നവംബർ ഏഴിന് ബിജെപിയും ജെഡിഎസും തമ്മിലുള്ള പോരിന് അയവുവന്നു. ഇതോടെ, 2007 നവംബർ 12ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
പണത്തിന് മീതെ ഒന്നും പറക്കില്ലെന്ന് കാണിച്ച നീക്കം:2008ലെ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ബിജെപി കേവലഭൂരിപക്ഷം നേടുകയും ആറ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. അങ്ങനെ, യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. കര്‍ണാടകയിലെ ആദ്യത്തെ 'ഓപ്പറേഷൻ താമര' ഇക്കാലത്താണുണ്ടായത്.
ഭരണം പിടിക്കാനും സർക്കാരിന്‍റെ നില 'ഭദ്രമാക്കാനും' മറ്റ് പാര്‍ട്ടികളിലെ ജനപ്രതിനിധികളേയും നേതാക്കളേയും പണമെറിഞ്ഞും സമ്മര്‍ദത്തിലാക്കിയും ബിജെപി തങ്ങളുടെ വശത്താക്കുന്നതാണ് താമര നീക്കം. അങ്ങനെ, കോൺഗ്രസിലേയും ജെഡിഎസിലേയും എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നു. 14 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു.
ആവശ്യത്തിനുള്ള സീറ്റുകൾ നേടിയാണ് ബിജെപി ഭരണത്തില്‍ ആത്മവിശ്വാസത്തോടെ ഇരുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോകവെയാണ് അനധികൃത ഖനനക്കേസില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതിക്കൂട്ടിലായതോടെ യെദ്യൂരപ്പയ്ക്ക് 'മുഖ്യ കസേര' വിട്ടുകൊടുക്കേണ്ടി വന്നത്. ഇതോടെ, സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടറും മുഖ്യമന്ത്രിയായി.
'വില' ലഭിക്കാതെ യെദ്യൂരപ്പ; ബിജെപിക്ക് നല്‍കേണ്ടിവന്നത് കനത്ത 'വില':തന്‍റെ സ്വാധീനം കുറഞ്ഞതോടെ യെദ്യൂരപ്പ ബിജെപി വിട്ട് 2012ൽ കർണാടക ജനത പാർട്ടി (കെജെപി) രൂപീകരിച്ചു. ഇത് 2013ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായി. ഭരണകക്ഷിയായ കാവിപ്പാര്‍ട്ടിക്ക് അന്ന് 40 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന്, 2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോൺഗ്രസ് സർക്കാർ അധികാരമേറ്റു.
2014 ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിഎസ് യെദ്യൂരപ്പ ബിജെപിയില്‍ മടങ്ങിയെത്തി. ഇതോടെ, കർണാടകയിൽ ബിജെപി പൂര്‍വാധികം ശക്തിപ്രാപിച്ചു. തുടര്‍ന്ന്, 2018 നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്‌തു. എന്നാൽ, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കായില്ല. ഇതേതുടര്‍ന്ന്, ജെഡിഎസും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിക്കുകയും എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്‌തു.
രണ്ടാം വട്ടവും താമര ഓപ്പറേഷൻ..:2019 ൽ, യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും 'താമര ഓപ്പറേഷൻ' നടത്തി. കോൺഗ്രസ് - ജെഡി(എസ്) സഖ്യത്തിലെ 17 എംഎല്‍എമാര്‍ രാജിവച്ചു. തുടർന്ന് 2019 ഡിസംബറില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച 13 പുതിയ എംഎൽഎമാരുടെ പിന്തുണയോടെ യെദ്യൂരപ്പ സർക്കാർ രൂപീകരിച്ചു. ഇതിൽ 12 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ കോൺഗ്രസും രണ്ട് സ്വതന്ത്ര സ്ഥാനാർഥിയും ജയിച്ചു.
എന്നാൽ, കർണാടക ഹൈക്കോടതിയിൽ ഹർജികൾ നിലനിൽക്കുന്നതിനാൽ മസ്‌കി (റായിച്ചൂർ ജില്ല), ആർആർ നഗർ (ബെംഗളൂരു സൗത്ത്-വെസ്റ്റ്) മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നില്ല. കർണാടകയിൽ അധികാരം പിടിക്കാൻ എന്തുചെയ്യാനും മടിയില്ലാത്ത ചരിത്രമാണ് ബിജെപിക്കുള്ളത്. 2008ലും 2019ലും അത് രാജ്യം നേരിട്ടുകണ്ടു.
പിന്നീട്, ഇത് ഗോവയിലും മഹാരാഷ്‌ട്രയിലും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.