കേരളം

kerala

ETV Bharat / bharat

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്ന് 392 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു

ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് 392 പേരെയാണ് ഒഴിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ അറിയിച്ചു

operation kaveri  operation kaveri new batch c  sudan  sudan war  evacuation  ഓപ്പറേഷന്‍ കാവേരി  സുഡാന്‍  ഇന്ത്യ  ആഭ്യന്തര യുദ്ധം  വിദേശകാര്യ മന്ത്രി  എസ്‌ ജയശങ്കര്‍  വി മുരളീധരന്‍  ഒഴിപ്പിക്കല്‍
ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്ന് 392 പേരടങ്ങുന്ന സംഘം ഇന്ത്യയിലേയ്‌ക്ക് പുറപ്പെട്ടു

By

Published : Apr 28, 2023, 10:11 PM IST

Updated : Apr 28, 2023, 10:41 PM IST

ന്യൂഡല്‍ഹി: സുഡാനില്‍ നിന്നുള്ള അടുത്ത സംഘവും ഇന്ത്യയിലേക്ക് പുറപ്പെട്ടു. ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് 392 പേരെയാണ് ഒഴിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയ്‌ക്ക് ഏറെ ആശ്വാസകരമായ വിവരം അദ്ദേഹം പങ്കുവച്ചത്.

'ഇന്ത്യന്‍ വ്യോമസേനയുടെ ഗ്ലോബ്‌മാസ്‌റ്റര്‍ സി17 ജിദ്ദയില്‍ നിന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തില്‍ പുറപ്പെട്ടു. സുഡാനില്‍ നിന്നുമുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന 392 പൗരന്‍മാരുടെ ഉന്മേഷവും സന്തോഷവും നിറഞ്ഞ മുഖം കാണുന്നതില്‍ വളരെയധികം സന്തുഷ്‌ടനായിരിക്കുന്നു. അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ഇന്ത്യയില്‍ എത്രയും പെട്ടന്ന് തന്നെ അവരെ കാണാന്‍ സാധിക്കുമെന്ന്', എംഒഎസ്‌ ട്വീറ്റ് ചെയ്‌തു.

സന്തോഷം പങ്കുവച്ച് മന്ത്രി വി മുരളീധരന്‍: അതേസമയം, ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തില്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ച 362 ഇന്ത്യക്കാരുടെ മറ്റൊരു ബാച്ച് ഇന്ന് ജിദ്ദയില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തിയിരുന്നു. 'ശുഭയാത്ര, സുഡാനില്‍ നിന്നും ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് മാര്‍ഗം എത്തിയ 362 ഇന്ത്യക്കാരെ കാണുന്നതില്‍ വളരെയധികം സന്തോഷം. ഇവരില്‍ ഭൂരിഭാഗവും ഹക്കി പിക്കി വിഭാഗത്തിലുള്ളവരാണെന്ന്' മന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്‌തു.

'ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇന്ത്യ 362 പൗരന്‍മാരെ സ്വാഗതം ചെയ്യുന്നു. ഓപ്പറേഷന്‍ കാവേരിയുടെ പത്താം ബാച്ച് ഐഎന്‍എസ്‌ തര്‍ക്കാശിലാണ് എത്തുന്നതെന്ന്' വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ അറിയിച്ചു.

അതേസമയം, സുഡാന്‍റെ തലസ്ഥാന നഗരിയിലുണ്ടായ സ്‌ഫോടനങ്ങളുടെയും വെടിവയ്‌പ്പുകളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കുവാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടര്‍ന്ന് സൈന്യവും അര്‍ധസൈനികരും പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ എംബസി നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇന്ത്യക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും വീടിനുള്ളില്‍ തന്നെ തുടരുവാനും പുറത്തുകടക്കുന്നത് അവസാനിപ്പിക്കുവാനും എംബസി ആവശ്യപ്പെട്ടു.

പ്രതികരിക്കാതെ സൈന്യം: സെന്‍ട്രല്‍ ഖാര്‍ത്തൂമിലും ബഹ്‌രിയുടെ സമീപപ്രദേശങ്ങളും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലാണ് അക്രമങ്ങള്‍ നടക്കുന്നത്. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനായി അന്താരാഷ്‌ട്ര തലത്തിലെ പിന്തുണയോടെയുള്ള ഇടപെടല്‍ രാഷ്‌ട്രീയ പാര്‍ട്ടികളും തീരുമാനിച്ചിരുന്നു. ഇതിലെ കാലതാമസമാണ് സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ആക്രമണത്തിന് തുടക്കമിട്ടത്.

അതിന് ആക്കം കൂട്ടിക്കൊണ്ട് ദക്ഷിണ ഖാര്‍ത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും രംഗത്തെത്തിയിരുന്നു. ഭാരക്കൂടുതലുള്ള ആയുധങ്ങളാണ് സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ സൈനികര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സുഡാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 670 ആയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇന്നലയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വിമാനങ്ങളിലായായിരുന്നു സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ രാജ്യത്ത് നിന്ന് 278 പൗരന്മാരെ രക്ഷപെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ പല ബാച്ചുകളിലായി ഒഴിപ്പിച്ചത്.

ഓപ്പറേഷന്‍ കാവേരി: സൈന്യവും അര്‍ധസേനയുമായി ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുവാനാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി ഐഎഎഫിന്‍റെ രണ്ട് വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ്‌ സുമേധ പോര്‍ട്ട് സുഡാനിലും സ്ഥാപിച്ചതായി ഇന്ത്യ അറിയിച്ചിരുന്നു. സുഡാനിലെ അധികാരികളെ കൂടാതെ, എംഇഎയും സുഡാനിലെ ഇന്ത്യന്‍ എംബസിയും യുഎന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്‌, യുഎസ്‌ എന്നിവരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നു.

Last Updated : Apr 28, 2023, 10:41 PM IST

ABOUT THE AUTHOR

...view details