ന്യൂഡല്‍ഹി:ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും അസ്ഥിരമായ സുരക്ഷ സാഹചര്യങ്ങൾക്കുമിടയിൽ സുഡാനില്‍ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രക്ഷപ്രവര്‍ത്തനം ആരംഭിച്ച് രാജ്യം. സുഡാനില്‍ കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കാന്‍ ഓപറേഷന്‍ കാവേരി എന്ന രക്ഷപ്രവര്‍ത്തനമാണ് രാജ്യം ആരംഭിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യം ഒപ്പമുണ്ട്:സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ കാവേരി നടക്കുന്നു. അഞ്ഞൂറോളം ഇന്ത്യക്കാർ പോർട്ട് സുഡാനിലെത്തിയിട്ടുണ്ട്. കൂടുതൽപേര്‍ എത്തിക്കൊണ്ടിരിക്കുന്നു. അവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ നമ്മുടെ കപ്പലുകളും വിമാനങ്ങളും സജ്ജമാണ്. സുഡാനിലെ നമ്മുടെ എല്ലാ സഹോദരങ്ങളെയും സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടകം രണ്ട് C-130J സൈനിക വിമാനങ്ങൾ ജിദ്ദയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ സമയം നാവികസേനയുടെ ഒരു കപ്പൽ മേഖലയിലെ പ്രധാന തുറമുഖത്ത് എത്തിയിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ നീക്കങ്ങള്‍ സുരക്ഷ സാഹചര്യത്തെ ആശ്രയിച്ചായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സുഡാന്‍ അശാന്തം:അതേസമയം സുഡാന്‍ നിലവില്‍ പ്രക്ഷുബ്‌ധമായി തുടരുകയാണ്. തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. അതുകൊണ്ടുതന്നെ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകി. ഇതിന്‍റെ ഭാഗമായി സുഡാനിലെ ഇന്ത്യൻ എംബസി സുഡാൻ അധികാരികൾ, യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്‌റ്റ്, യുഎസ് എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
മുമ്പും നിര്‍ദേശങ്ങള്‍:സുഡാന്‍റെ തലസ്ഥാന നഗരിയിലുണ്ടാവുന്ന സ്ഫോടനങ്ങളുടെയും വെടിവയ്പ്പുകളുടെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. സൈന്യവും അര്‍ധ സൈനികരും പരസ്‌പരം പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ എംബസി നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇന്ത്യക്കാർ പരമാവധി മുൻകരുതലുകൾ സ്വീകരിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും പുറത്തുകടക്കുന്നത് അവസാനിപ്പിക്കാനും എംബസി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പൗരന്മാര്‍ ദയവുചെയ്‌ത് ശാന്തരായിരിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ഏറ്റുമുട്ടലുകള്‍ എന്തിന്:സെൻട്രൽ ഖാർത്തൂമിലും ബഹ്‌രിയുടെ സമീപപ്രദേശങ്ങള്‍ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍ ശക്തമായിരുന്നത്. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനായി അന്താരാഷ്‌ടതലത്തിലെ പിന്തുണയോടെയുള്ള ഇടപെടല്‍ രാഷ്‌ട്രീയ പാര്‍ട്ടികളും തീരുമാനിച്ചിരുന്നു, എന്നാല്‍ ഇതിലെ കാലതാമസമാണ് സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ആക്രമണത്തിന് വഴിമരുന്നിട്ടത്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് ദക്ഷിണ ഖാർത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും രംഗത്തെത്തിയിരുന്നു. ഭാരക്കൂടുതലുള്ള ആയുധങ്ങളാണ് സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചതെന്നും അര്‍ധ സൈനിക വിഭാഗം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള ആർഎസ്‌എഫിനെ എങ്ങനെ സൈന്യവുമായി സംയോജിപ്പിക്കണമെന്നതും ഈ പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കേണ്ടതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവുമാണ് സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള നിലവിലെ സംഘർഷത്തിന് കാരണമായിട്ടുള്ളത്. കൂടാതെ സുഡാന്‍ കാത്തിരിക്കുന്ന ഉടമ്പടി കരാറിലെ പ്രധാന വ്യവസ്ഥ കൂടിയാണ് ഈ ലയനം.