ന്യൂഡൽഹി : യുക്രൈനിൽ കുടുങ്ങിയവരില്‍ 250 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലെത്തി. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനം ഞായറാഴ്‌ച പുലർച്ചെയാണ് എത്തിയത്. ഈ സംഘത്തിൽ 17 പേർ മലയാളികളാണ്.
സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിദ്യാർഥികളടക്കമുള്ളവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. യുക്രൈനിൽ (Ukraine) നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികള്‍ അടക്കമുള്ള ആദ്യ സംഘം നേരത്തേ എത്തിയിരുന്നു. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 27 പേർ മലയാളികളാണ്.
ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ മൂന്നാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും.റഷ്യൻ സൈനിക ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 രാവിലെ മുതൽ സിവിൽ എയർക്രാഫ്റ്റ് ഓപ്പറേഷനുകൾക്കായി യുക്രേനിയൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ, ഇന്ത്യൻ വിമാനങ്ങൾ ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് നടത്തുന്നത്.
ALSO READ:പ്രതീക്ഷയോടെ രാജ്യം: യുക്രൈനില്‍ നിന്നുള്ള രണ്ടാം സംഘം ഇന്ന് ഡല്‍ഹിയിലെത്തും
റൊമേനിയ, ഹംഗറി അതിർത്തികളില്‍ എത്തിയ ഇന്ത്യൻ പൗരരെ എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബുക്കാറസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും റോഡ് മാർഗംകൊണ്ടുപോവുകയായിരുന്നു. പൗരരില്‍ നിന്നും വിമാന ടിക്കറ്റിന് സർക്കാർ പണം ഈടാക്കുന്നില്ല.