ന്യൂഡല്‍ഹി:ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ 80 വിമാനങ്ങള്‍ വിന്യസിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി 24 മന്ത്രിമാരെയും കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് പത്തിനിടെ 80 വിമാനങ്ങളാണ് ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തുക. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ എയർ, കൂടാതെ എയർഫോഴ്‌സിന്റെ വിമാനങ്ങൾ എന്നിവയാണ് സര്‍വീസ് നടത്തുന്നത്.
റൊമാനിയൻ തലസ്ഥാന നഗരമായ ബുക്കാറെസ്റ്റിൽ നിന്ന് 35 സര്‍വീസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടെ 14, എയർ ഇന്ത്യ എക്സ്പ്രസിന്റെ എട്ട്, ഇൻഡിഗോയുടെ ഏഴ്, സ്‌പൈസ് ജെറ്റിന്റെ ഒന്ന്, വിസ്താരയുടെ മൂന്ന്, ഇന്ത്യൻ എയർഫോഴ്‌സിന്റെ രണ്ട് വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് 28 വിമാനങ്ങൾ പുറപ്പെടും.
Also Read: കൂട്ടപ്പലായനത്തിന്‍റെ കണ്ണീര്‍നിലമായി യുക്രൈന്‍ ; ഇതിനകം രാജ്യംവിട്ടത് 10 ലക്ഷം പേരെന്ന് യുഎന്‍
ഇതില്‍ 15 വിമാനങ്ങൾ ഗോ എയറിൽ നിന്നും, 9 ഇൻഡിഗോയിൽ നിന്നും, 2 എയർ ഇന്ത്യയിൽ നിന്നും, 1 ഇന്ത്യൻ എയർഫോഴ്‌സിൽ നിന്നും, 1 സ്‌പൈസ് ജെറ്റിൽ നിന്നുമാണ്. ഇൻഡിഗോയിൽ നിന്ന് എട്ട്, ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് 1 എന്നിങ്ങനെ മൊത്തം ഒമ്പത് വിമാനങ്ങൾ പോളണ്ടിലെ റസെസോവിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അഞ്ച് വിമാനങ്ങൾ റൊമാനിയയിലെ സുസെവയിൽ നിന്നും 3 വിമാനങ്ങൾ സ്ലൊവാക്യയിലെ കോസിസിൽ നിന്നും പുറപ്പെടും.
ബുഡാപെസ്റ്റ്, ബുക്കാറെസ്റ്റ്, റസെസ്‌സോ, സുസേവ, കോസിസെ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളുണ്ട്. നിലവില്‍ 17,000 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മാർച്ച് 2 വരെ 24 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ സര്‍വീസ് നടത്തിയത്.
ഫെബ്രുവരി 26നാണ് സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗ ആരംഭിച്ചത്. ഫെബ്രുവരി 26ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈയിൽ ഇറങ്ങി. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരെ പ്രധാനമന്ത്രി ഹംഗറി, റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്.