ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിന്‍റെ ഭാഗമാകും. പോളണ്ട്, ഹംഗറി, റൊമേനിയ എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ ഉടന്‍ അയക്കുമെന്ന് വ്യോമസേന അറിയിച്ചു. ടെന്‍റുകളും പുതപ്പുകളും മറ്റ് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് ഹിൻഡൺ വ്യോമ താവളത്തില്‍ നിന്ന് വിമാനങ്ങള്‍ ഉടൻ പുറപ്പെടും.
രക്ഷാദൗത്യവുമായി C-17 ഗ്ലോബ്‌മാസ്റ്റർ
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ C-17 ഗ്ലോബ്‌മാസ്റ്റർ എന്ന വിമാനം ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് റൊമേനിയയിലേക്ക് പുറപ്പെട്ടിരുന്നു. രക്ഷാദൗത്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം രക്ഷാദൗത്യത്തില്‍ പങ്കുചേരാന്‍ വ്യോമസേനയോട് ആവശ്യപ്പെടുകയായിരുന്നു.
വ്യോമസേനയുടെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് വിമാനമായ സി-17 ആണ് രക്ഷാദൗത്യത്തിനായി ഉപയോഗിക്കുന്നത്. യുക്രൈനിലേക്ക് മരുന്നടക്കമുള്ള സഹായങ്ങളെത്തിക്കുന്നതിനും ഇതേവിമാനം തന്നെയാണ് ഉപയോഗിക്കുന്നത്. യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി രാജ്യങ്ങളായ റൊമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് വിമാനം വഴി നാട്ടില്‍ എത്തിക്കുന്നത്.