ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (Artificial intelligence) സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും വിപ്ലവകരമായ ചാറ്റ് ജിപിടി (ChatGPT) രൂപകല്‍പനയും ചെയ്‌ത ഓപണ്‍ എഐ (OpenAI) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) സാം ആള്‍ട്ട്‌മാന്‍. നിര്‍മിത ബുദ്ധിയെയും അതില്‍ ആഗോള നിയന്ത്രണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമാണ് ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായത്. ഇന്ത്യ കൂടാതെ ഇസ്രയേല്‍, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ദക്ഷിണ കൊറിയ എന്നീ ആറ് രാജ്യങ്ങളും ഈ ആഴ്‌ച സാം ആള്‍ട്ട്‌മാന്‍ സന്ദര്‍ശിക്കുന്നുണ്ട്.
നല്ലതുതന്നെ, എന്നാലും നിയന്ത്രണം വേണം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (AI) രാജ്യത്തിന്‍റെ മുന്നിലുള്ള അവസരങ്ങളെക്കുറിച്ചും എഐയില്‍ രാജ്യം എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായതായി ഡല്‍ഹി ഐഐടിയില്‍ നടന്ന സെഷനില്‍ ആൾട്ട്മാൻ അറിയിച്ചു. ആഗോള നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കേണ്ടതിന്‍റെ ആവശ്യകത തങ്ങൾക്കും തോന്നിയെന്നും ഇത് എഐയില്‍ ചില പോരായ്മകൾ സംഭവിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ തങ്ങളുടെ കമ്പനി തന്നെ നിലവില്‍ സ്വയം നിയന്ത്രണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മിത ബുദ്ധിയെക്കുറിച്ച് വാചാലനായി:ജിപിടി റിലീസ് ചെയ്യാൻ കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഏതാണ്ട് എട്ട് മാസത്തോളം സമയം ചെലവഴിച്ചു. ഞങ്ങള്‍ നിര്‍മിച്ച സാങ്കേതികവിദ്യയുടെ പരിമിതികള്‍ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഞങ്ങൾ വിവിധ സംഘടനകളുമായി പ്രവർത്തിക്കുകയും ചെയ്‌തു. ഇതില്‍ ഏകോപനം പ്രധാനമാണെന്ന് ഞങ്ങൾ കരുതിയെന്നും അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണം പ്രധാനമാണെന്നും സാം ആള്‍ട്ട്‌മാന്‍ പറഞ്ഞു. ഇതാണ് തങ്ങൾ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അല്ലാതെ ലോകത്തെ പൂർണമായും കമ്പനികളുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ അവ പ്രാവര്‍ത്തികമാകുന്നതിനെക്കുറിച്ചുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം മനസുതുറന്നു.