ന്യൂഡൽഹി: നവംബർ 17 നും 19 നും ഇടയിൽ വലതുപക്ഷ പ്രവർത്തകർ ഹരിദ്വാറിലും ഡൽഹിയിലും സംഘടിപ്പിച്ച വിദ്വേഷ പ്രസംഗ കോൺക്ലേവിലും സമാനമായ പരിപാടികളിലും ഉത്കണ്‌ഠ രേഖപ്പെടുത്തി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് 76 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തയച്ചു. ഹരിദ്വാറിൽ ഗാസിയാബാദിലെ ഒരു ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ യതി നരസിംഹാനന്ദ സരസ്വതിയാണ് വിദ്വേഷ പ്രസംഗ പരിപാടി സംഘടിപ്പിച്ചത്. വലതുപക്ഷ സംഘടനയായ ഹിന്ദു യുവവാഹിനി സമാനമായ പരിപാടി ഡൽഹിയിൽ സംഘടിപ്പിച്ചു.
ഇരു പരിപാടികളിലും മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള തുറന്ന ആഹ്വാനമുൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷത്തെ നിരവധി നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് കത്തിൽ അഭിഭാഷകർ ആവശ്യപ്പെടുന്നു.
വലതുപക്ഷ പ്രവർത്തകരുടെ പ്രസംഗങ്ങൾ കേവലം വിദ്വേഷ പ്രസംഗം അല്ലെന്നും ഒരു സമൂഹത്തെ ആകെ ഇല്ലാതാക്കാനുള്ള കലാപ ആഹ്വാനങ്ങളാണെന്നും കത്തിൽ പറയുന്നു. ഇത്തരം പ്രസംഗങ്ങൾ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ്ലിം പൗരന്മാരുടെ ജീവന് തന്നെ ഭീഷണിയാക്കുന്നതാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കത്തിൽ ഒപ്പിട്ടവരിൽ മുൻ പട്‌ന ഹൈക്കോടതി ജഡ്‌ജി അഞ്ജന പ്രകാശ്, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ, മീനാക്ഷി അറോറ, സൽമാൻ ഖുർഷിദ് തുടങ്ങിയവരും ഉൾപ്പെടുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120 ബി, 121 എ, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കണമെന്ന് അഭിഭാഷകർ കത്തിൽ ആവശ്യപ്പെടുന്നു.
Also Read: തെലങ്കാന-ഛത്തീസ്‌ഗഢ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു